കോതമംഗലം: നിര്‍ദ്ദിഷ്ട തങ്കളം നാലുവരി പാതയുടെ നിര്‍മാണം പൂര്‍ത്തിയായ ഭാഗത്ത് നെല്‍വയല്‍ നികത്താനുള്ള ശ്രമം പോലീസ് തടഞ്ഞു. തങ്കളം ലോറി സ്റ്റാന്‍ഡിന് സമീപം തണ്ണീര്‍ത്തട നിയമങ്ങള്‍ ലംഘിച്ച് രാത്രിയില്‍ മണ്ണിട്ട് വയല്‍ നികത്തിയ ജെസിബിയും രണ്ട് ടോറസ് ലോറികളും പോലീസ് പിടികൂടി.
തങ്കളം ലോറി സ്റ്റാന്‍ഡ് കഴിഞ്ഞ് പാതയിലേക്ക് പ്രവേശിക്കുന്ന ഭാഗത്തെ പ്രധാന ജംഗ്ഷന്‍ കഴിഞ്ഞ് ഇരുവശത്തുമായിട്ടാണ് നെല്‍പ്പാടം നികത്തുവാന്‍ ശ്രമം നടത്തിയത്.തണ്ണീര്‍ത്തട നിയമം കാറ്റില്‍പറത്തി ലോഡുകണക്കിന് മണ്ണാണ് നിക്ഷേപിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി പട്രോളിംഗിനിടെ പോലീസ് എത്തി രണ്ട് ടോറസും ഒരു ജെസിബിയും പിടികൂടി റിപ്പോര്‍ട്ട് ജില്ലാകളക്ടര്‍ക്ക് കൈമാറുകയായിരുന്നു.
റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ റവന്യു അധികൃതര്‍ ഇന്നലെ എത്തി നെല്‍വയല്‍ നികത്തുന്ന സ്ഥല ഉടമകള്‍ക്ക് സ്റ്റോപ്പ് മെമ്മോ നല്‍കി. നികത്തുന്ന ഭാഗത്ത് നെറ്റ് സ്ഥാപിച്ചിരിക്കുന്നതു കൊണ്ട് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പകല്‍ പെട്ടെന്ന് ആരുടേയും ശ്രദ്ധയില്‍പ്പെടില്ല.





















































