കോതമംഗലം : നേര്യമംഗലത്ത് പുതിയ ഫയർ സ്റ്റേഷൻ ആരംഭിക്കുന്നതിനുള്ള അനുകൂല സാഹചര്യമൊരുങ്ങുന്നു. ആന്റണി ജോൺ എംഎൽഎയുടെ നിയമസഭാ ചോദ്യത്തിന് നൽകിയ മറുപടിയിലാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങൾ വ്യക്തമാക്കിയിട്ടുള്ളത്.
നേര്യമംഗലം ഫയര്‍ സ്റ്റേഷന് തത്വത്തിൽ അനുമതി നല്‍കിയിട്ടുണ്ട്. ഫയര്‍ സ്റ്റേഷനായി കവളങ്ങാട് ഗ്രാമ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള നേര്യമംഗലം സാംസ്കാരിക നിലയത്തിന്റെ കെട്ടിടം വിട്ട് നല്‍കുന്നതിന് പഞ്ചായത്ത് താല്‍പര്യപ്പെടുകയും സ്റ്റേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കായി അഗ്നിരക്ഷാ വകുപ്പ് നല്‍കിയ നിര്‍ദ്ദേശ പ്രകാരമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്ന കാര്യം ഗ്രാമപഞ്ചായത്തിന്റെ 2024-25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ടെന്ന്
മുഖ്യമന്ത്രി നിയമസഭയിൽ അറിയിച്ചു.
ഗ്യാരേജ്, ടോയ്ലറ്റ് , ഫ്ലോർ ഇന്റർലോക്ക് വിരിക്കൽ, വാഹനം കയറാനുള്ള സ്ലാബ്,മറ്റ് അനുബന്ധ സൗകര്യങ്ങൾ എന്നിവ ഒരുക്കുന്നതിന് വേണ്ടിയിട്ടാണ് പഞ്ചായത്തിന്റെ 2024-25 വാർഷിക പദ്ധതിയിൽ തുക വകയിരുത്തിയിട്ടുള്ളതെന്നും നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കുന്ന തോടുകൂടി നേര്യമംഗലം ഫയർ സ്റ്റേഷൻ യാഥാർത്ഥ്യമാകുമെന്നും ആന്റണി ജോൺ എംഎൽഎ പ്രസ്താവനയിൽ പറഞ്ഞു.