കോതമംഗലം: കഴിഞ്ഞ ദിവസം അന്തരിച്ച അലൈൻ സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളി വികാരിയായിരുന്ന ഫാ.സെബി എൽദോയുടെ ഭവനത്തെ യാക്കോബായ സുറിയാനി സഭ ഏറ്റെടുക്കുമെന്ന് സഭാ മെത്രാപ്പോലീത്തൻ ട്രസ്റ്റിയും, കാതോലിക്ക അസിസ്റ്റന്റുമായ ജോസഫ് മോർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത. സെബി അച്ചൻ താമസിക്കുന്ന ഭവനത്തിലെത്തി പ്രാർത്ഥന നടത്തിയതിന് ശേഷമാണ് കുടുംബത്തിന് ഒപ്പം സഭയുടെ കരുതലുണ്ടാകുമെന്ന് മെത്രാപ്പോലിത്ത ഉറപ്പ് നൽകിയത്. ഭവന നിർമ്മാണത്തിന് സാമ്പത്തികസഹായം നൽകുവാൻ ആഗ്രഹിക്കുന്നവർക്ക് അതിന്റെ ക്രമീകരണത്തിന് കോതമംഗലം മേഖല മെത്രാപ്പോലീത്ത അഭി.ഏലിയാസ് മോർ യൂലിയോസ് മെത്രാപ്പോലീത്തയെ ചുമതലപ്പെടുത്തി.
അച്ചന്റെ കുട്ടികളുടെ പ്ലസ്ടു വരെയുള്ള വിദ്യാഭ്യാസം സൗജന്യമായി ഗ്രീൻവാലി പബ്ളിക് സ്കൂൾ നൽകുമെന്ന് ഡയക്ടർ പ്രദീപ് കുര്യാക്കോസ് പറഞ്ഞു. കോതമംഗലം മേഖല മെത്രാപ്പോലീത്ത ഏലിയാസ് മോർ യൂലിയോസ്, മൂവാറ്റുപുഴ മേഖല മെത്രാപ്പോലീത്ത മാത്യൂസ് മോർ അന്തീമോസ്, സഭാ സെക്രട്ടറി പീറ്റർ കെ ഏലിയാസ്, വൈദീക ട്രസ്റ്റി ഫാ.സ്ലീബാ വട്ടവേലിൽ, അങ്കമാലി ഭദ്രാസന സെക്രട്ടറി ഫാ.പൗലോസ് തളിക്കാട്ട്, മുൻസിപ്പൽ കൗൺസിലർ എ.ജി ജോർജ്ജ് എന്നിവരും മെത്രാപ്പോലീത്തയോടൊപ്പം ഉണ്ടായിരുന്നു.