മൂവാറ്റുപുഴ: 40.68 ഗ്രാം എംഡിഎംഎയുമായി മൂവാറ്റുപുഴയില്‍ യുവാക്കള്‍ എക്‌സൈസ് പിടിയില്‍. സ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ എംഡിഎംഎ വില്‍പ്പനടത്തുന്ന പേഴയ്ക്കാപ്പിള്ളി പുന്നോപ്പടി പേണ്ടാനത്ത് ജാഫര്‍ യൂസഫ് (43), പടിഞ്ഞാറെ ചാലില്‍ നിസാര്‍ ഷാജി (45), ആക്കോത്ത് അന്‍സാര്‍ ഇബ്രാഹിം (45) എന്നിവരാണ് മൂവാറ്റുപുഴ എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്. എക്‌സൈസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് പേഴക്കാപ്പിള്ളി പുന്നോപ്പടിയില്‍ നടത്തിയ പരിശോധനയിലാണ് വ്യാഴാഴ്ച രാത്രി പ്രതികളെ പിടികൂടിയത്.
പ്രതികളില്‍ നിന്ന് അരഗ്രാം വീതം 32 പായ്ക്കറ്റുകളിലാക്കിയ എംഡിഎംഎ, എംഡിഎംഎ ഉപയോഗിക്കാന്‍ ഉപയോഗിക്കുന്ന ഗ്ലാസ് റോളുകള്‍, 35000 രൂപ, നാല് ഫോണ്‍,5സിം കാര്‍ഡ്, പ്രതികള്‍ ഉപയോഗിച്ച കാര്‍ എന്നിവ എക്‌സൈസ് പിടിച്ചെടുത്തു. ബാഗ്ലൂരില്‍ നിന്ന് എംഡിഎംഎ എത്തിച്ചാണ് പ്രതികള്‍ വില്‍പ്പന നടത്തിയിരുന്നത്. പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രതികള്‍ക്ക് എംഡിഎംഎ എത്തിച്ചുനല്‍കുന്ന പേഴയ്ക്കാപ്പിള്ളി സ്വദേശി ശ്യാമിനായി എക്‌സൈസ് സംഘം അന്വേഷണം ആരംഭിച്ചു. സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികളെ ലക്ഷ്യവെച്ചാണ് പ്രതികള്‍ എംഡിഎംഎ വില്‍പ്പന നടത്തിയിരുന്നത്. വരും ദിവസങ്ങളിലും പരിശോധനശക്തമാക്കുമെന്ന് എക്‌സൈസ് അധികൃതര്‍ പറഞ്ഞു. പ്രതിളെ കോടതിയില്‍ ഹാജരാക്കി.
