EDITORS CHOICE
കോതമംഗലത്തിന്റെ ഗ്രാമങ്ങളിൽ വൈദ്യുതിയും, ജല സേചന പദ്ധതികളും നടപ്പിലാക്കിയ സാമാജികൻ

കോതമംഗലം : കേരളാ നിയമസഭ കണ്ട എക്കാലത്തെയും മികച്ച നിയമസഭാ സാമാജികന്റെയും, കോതമംഗലത്തിന്റെ വികസനക്കുതിപ്പിന് വഴികാട്ടിയാകുകയും ചെയ്ത ടി എം ജേക്കബിന്റെ എട്ടാം ഓർമ്മദിനമാണ് ഈ മാസം 30 യാം തീയതി. കോതമംഗലത്തിന്റെ ഗ്രാമങ്ങളിൽ വൈദ്യുതിയും, ജലസേചന പദ്ധതികളും നടപ്പിലാക്കിയ ദീർഘ വീക്ഷണമുള്ള സാമാജികൻ വിടവാങ്ങിയിട്ട് 8 വർഷം ( 16.9.1950 – 30.10.2011 ) തികയുന്നു. കോതമംഗലം മേഖലയുടെ കാർഷിക , ഗ്രാമീണ മേഖലക്ക് പുത്തൻ ദിശാബോധം നൽകിയ വ്യക്തിയായിരുന്നു ടി എം ജേക്കബ്. മികച്ച ഭരണാധികാരി , സംഘാടകൻ , വാഗ്മി എന്നീ നിലകളിലും ശോഭിച്ച വ്യക്തിത്വം. കേരളത്തിന്റെ അഭിമാന നേട്ടങ്ങളായ നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം , കലൂർ അന്താരാഷ്ട്ര സ്റ്റേഡിയം എന്നിവ യാഥാർഥ്യമാക്കുവാൻ അന്നത്തെ മുഖ്യമന്ത്രി ശ്രീ കെ കരുണാകരന്റെ മുഖ്യസഹായിയായി വർത്തിച്ച മന്ത്രി. മന്ത്രിയായിരിക്കെ താൻ നടപ്പിലാക്കിയ ഭരണപരിഷ്കാരങ്ങളെ പല്ലും നഖവും ഉപയോഗിച്ച് എതിർത്തവർക്കുപോലും പിന്നീട് ടി എം ജേക്കബ് ചെയ്തതായിരുന്നു ശരി എന്ന് സമ്മതിക്കേണ്ടി വന്നത് ചരിത്രം.
1986 യിൽ കോളേജുകളിൽ നിന്ന് പ്രീ ഡിഗ്രി ഒഴുവാക്കി പ്ലസ് ടു കോഴ്സ് തുടങ്ങുവാൻ കാണിച്ച ആർജ്ജവം. കോതമംഗലം മണ്ഡലം കൈവെള്ള പോലെ സുപരിചിതനായ വ്യക്തി . മണ്ഡലത്തിലെ ഗ്രാമങ്ങളിലെ വീടുകളിൽ വൈദ്യുതി എത്തിക്കുവാൻ കഠിനമായി പരിശ്രമിച്ചു വിജയം കണ്ട കർമ്മ ധീരൻ. പെരിയാർ വാലി ജലസേചന പദ്ധതിയിൽ കാട ഇറിഗേഷൻ പ്രൊജക്റ്റ് കൂടി ഉൾപ്പെടുത്തി കൃഷിക്കാർക്ക് ആശ്വാസമായ കർഷക സ്നേഹി. മാതിരപ്പിള്ളി സ്കൂളിൽ തൊഴിൽ അധിഷ്ഠിത ഹയർ സെക്കന്ററി കോഴ്സ് അനുവദിച്ചു കൊണ്ട് കോതമംഗലത്തെ വിദ്യാഭാസ മേഖലയിലുള്ള മുന്നേറ്റത്തിന് ഇന്ധനം പകർന്ന വിജ്ഞാനി. അങ്ങനെ നിരവധി വിശേഷണങ്ങൾക്ക് യോഗ്യനായ വ്യക്തികൂടിയാണ് ടി എം ജേക്കബ്.
1950 സെപ്റ്റംബർ 16 നു കൂത്താട്ടുകുളത്തിനടുത്ത് വാളിയപാടം താന്നികുന്നേൽ ടി എസ് മാത്യുവിന്റെയും അന്നമ്മയുടെയും പുത്രനായി ജനനം . ഒൻപതു തവണ നിയമസഭയിലേക്ക് മത്സരിച്ചതിൽ എട്ടുതവണയും വിജയിച്ചു . ( 1977, 80, 82, 87, 91, 96, 2001, 2011 ). 1980, 82, 87 വർഷങ്ങളിൽ കോതമംഗലത്തു നിന്നുമാണ് തിരഞ്ഞെടുക്കപ്പെട്ടത് . മറ്റു വർഷങ്ങളിൽ പിറവത്തുനിന്നും 2006 ൽ പിറവത്ത് ശ്രീ. എം ജെ ജേക്കബിനോട് പരാജയപ്പെട്ടു. 2011 ൽ എം ജെ ജേക്കബിനെ പരാജയപ്പെടുത്തി വീണ്ടും നിയമസഭയിലേക്ക്. 1977 ൽ ആദ്യമായി പിറവത്തുനിന്നും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുമ്പോൾ പ്രായം 26 വയസ്. അഞ്ചു തവണ സംസ്ഥാന മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു . 1982 ൽ ആദ്യമായി മന്ത്രിയാകുമ്പോൾ പ്രായം 32 വയസ് തികഞ്ഞിരുന്നില്ല .
കോതമംഗലത്തെ വിദ്യാഭ്യാസ തലസ്ഥാനമാക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ച വ്യക്തികൂടിയാണ് ടി എം ജേക്കബ്. 24.5.1982 മുതൽ 25.3.1987 വരെ കെ കരുണാകരൻ മന്ത്രി സഭയിൽ വിദ്യാഭ്യാസവകുപ്പ് മന്ത്രി. 29.6.1991 മുതൽ 16.3.1995 വരെ കെ കരുണാകരൻ മന്ത്രി സഭയിൽ ജലസേചന – സാംസ്കാരിക വകുപ്പ് മന്ത്രി. 22.3.1995 മുതൽ 9.5.1996 വരെ എ കെ ആന്റണി മന്ത്രിസഭയിൽ ജലസേചന – സാംസ്കാരിക വകുപ്പ് മന്ത്രി.17.5.2001 മുതൽ 29.8.2004 വരെ എ കെ ആന്റണി മന്ത്രി സഭയിൽ ജലവിഭവ വകുപ്പ് മന്ത്രി. 18.5.2011 മുതൽ ഉമ്മൻ ചാണ്ടി മന്ത്രി സഭയിൽ ഭക്ഷ്യ – സിവിൽ സപ്ലൈസ് , രെജിസ്ട്രേഷൻ വകുപ്പ് മന്ത്രി ആയിരിക്കെ 30.10.2011 നു ആകസ്മിക വേർപാട് . ഫിസിക്സിൽ ബിരുദവും നിയമത്തിൽ ബിരുദാനന്തര ബിരുദവും നേടിയിരുന്ന ടി എം ജേക്കബ് എന്റെ ചൈന പര്യടനം ( മലയാളം ) My China Dairy ( English ) എന്നീ പുസ്തകങ്ങളും എഴുതിയിട്ടുണ്ട് . ഭാര്യ : ആനി ജേക്കബ് ( ഡെയ്സി ) മക്കൾ : അനൂപ് ജേക്കബ് MLA , അമ്പിളി ജേക്കബ്.
EDITORS CHOICE
യാത്രക്കാരന് പുതുജീവൻ; രക്ഷകരായി അജീഷും, രാജീവും സഹ യാത്രക്കാരും; കോതമംഗലത്തിന്റെ അഭിമാനമായി സൂപ്പർ എക്സ്പ്രസ്സ്

കോതമംഗലം : യാത്രയ്ക്കിടെ കുഴഞ്ഞു വീണയാളെ ആശുപത്രിയിൽ എത്തിച്ച് കോതമംഗലം കെ.എസ്.ആർ.ടി.സി. ജീവനക്കാർ മാതൃകയായി. കോതമംഗലം ഡിപ്പോയുടെ അഭിമാന സർവീസ് ആയ തിരുവനന്തപുരം സൂപ്പർ എക്സ്പ്രസ്സ് ബസിൽ തിരുവല്ലയിൽ വച്ച് ബസ്സിൽ കുഴഞ്ഞുവീണ യാത്രികനെ ഉടൻ ആശുപത്രിയിലെത്തിച്ച് കെ.എസ്.ആർ.ടി.സി. ജീവനക്കാർ. എറണാകുളം കിഴക്കമ്പലം തുരുത്തൂക്കവല കുളങ്ങര സജു വർഗീസിനെ (52) ആണ് കോതമംഗലം ഡിപ്പോയിലെ കണ്ടക്ടർ അജീഷ് ലക്ഷ്മൺ, ഡ്രൈവർ എം.ആർ. രാജീവ് എന്നിവർ യഥാസമയം ആശുപത്രിയിലെത്തിച്ച് രക്ഷിച്ചത്. ഇന്നലെ ചൊവ്വാഴ്ച 8.45-ന് തിരുവല്ലയ്ക്ക് സമീപം മുത്തൂരിലായിരുന്നു സംഭവം.
കോതമംഗലത്തു നിന്ന് തിരുവനന്തപുരത്തേക്കു പോയ സൂപ്പർ എക്സ്പ്രസ് ബസിൽ മൂവാറ്റപുഴയിൽ നിന്നാണ് സജു കയറിയത്. കൊട്ടാരക്കരയ്ക്ക് ടിക്കറ്റെടുത്തു. മുത്തൂരിൽ കുഴഞ്ഞുവീണതോടെ സഹയാത്രികർ കണ്ടക്ടറെ വിവരം അറിയിച്ചു. സജു ബോധരഹിതനായിരുന്നു. തുടർന്ന് ബസിലെ യാത്രക്കാരിയായ വനിതാ ഡോക്ടറും സ്ഥിരയാത്രക്കാരിയായ അടൂർ ആശുപത്രിയിലെ നേഴ്സ് തുടങ്ങിവർ പ്രാഥമിക ചികിത്സ നൽകി മറ്റുവാഹനത്തിന് കാക്കാതെ ബസ് തിരുവല്ല മെഡിക്കൽ മിഷൻ (ടി.എം.എം.) ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു. വിവരമറിഞ്ഞ് തിരുവല്ല ഡിപ്പോയിൽനിന്നുള്ള ജീവനക്കാർ ആശുപത്രിയിലെത്തിയതോടെ തുടർനടപടികൾ അവരെ ഏല്പിച്ച് തങ്ങളുടെ ബസുമായി രാജീവും, അജീഷും തിരുവനന്തപുരത്തേക്ക് യാത്ര തുടർന്നു ഒരു ജീവൻ രക്ഷിച്ച ആത്മ നിറവോടെ.
Facebook video link : https://fb.watch/igPpLY3Zeb/?mibextid=qC1gEa
AGRICULTURE
കോതമംഗലത്തും വിളയുമെന്ന് തെളിയിച്ചു ഇന്തോനേഷ്യൻ പഴമായ “മട്ടോവ”

കോതമംഗലം : കോട്ടപ്പടിയിൽ ഇന്തോനേഷ്യൻ പഴമായ “മട്ടോവ” മരം നിറഞ്ഞു കായ്ച്ചു മനം നിറച്ചു. കോട്ടപ്പടിയിലെ കുര്യന്റെ കൃഷിയിടത്തിൽ നിരവധി ഫലവൃക്ഷങ്ങളാണ് വളരുന്നത്, അവയിൽ നിന്നെല്ലാം വ്യത്യസ്തമായി വീടിന് മുൻപിൽ കായ്ച്ചു നിൽക്കുകയാണ് “മട്ടോവ” എന്ന ഇന്ത്യാനേഷ്യൻ പഴച്ചെടി. ലിച്ചി കുടുംബത്തിലെ അംഗമായ മട്ടോവ പഴം “പൊമെറ്റിയ പിന്നാറ്റ” എന്ന സസ്യശാസ്ത്രപരമായി അറിയപ്പെടുന്നത്. തെക്കൻ പസഫിക്കിലെ ഇന്തോനേഷ്യൻ ദ്വീപായ ന്യൂ ഗിനിയയുടെ പടിഞ്ഞാറൻ പകുതിയായ പാപുവയിലാണ് മട്ടോവ പഴങ്ങളുടെ ജന്മദേശം. അതുകൊണ്ട് “പാപ്പുവയിൽ നിന്നുള്ള സാധാരണ പഴം” എന്നും “പസഫിക് ലിച്ചി” എന്നും അറിയപ്പെടുകയും ചെയ്യുന്നു. കേരളത്തിലെ കാലാവസ്ഥയിൽ നന്നായി ഉയരത്തിൽ വളരുന്ന മട്ടോവ മരം മൂന്നാം വർഷം മുതൽ വിളവ് നൽകിത്തുടങ്ങും. പച്ച, ചുവപ്പ്, തവിട്ട് നിറങ്ങളിലുള്ള പഴങ്ങൾ കേരളത്തിൽ ലഭ്യമാണ്. ഹാർഡ് വുഡ് ആയ മാറ്റോവ മരത്തിന്റെ തടി ഫർണിച്ചറുകൾ ഉണ്ടാക്കുവാൻ ഇന്ത്യാനേഷ്യയിൽ വ്യാപകമായി ഉപയോഗിക്കുന്നു. സെപ്തംബർ-ഒക്ടോബർ മാസങ്ങളിൽ ശാഖകളുടെ അറ്റത്ത് കൊലകളായി പൂവിടുന്ന രീതിയാണ് മട്ടോവ മരത്തിന്.
കോട്ടപ്പടി വട്ടപ്പാറ(മൂലയിൽ) കുര്യന്റെ കൃഷിയിടത്തിൽ നിരവധി സ്വദേശികളും വിദേശികളുമായ ഫല വൃക്ഷങ്ങളെകൊണ്ട് സമർത്ഥമാണ്. വാർദ്ധക്യത്തിലും കൃഷിയെയും മണ്ണിനെയും പ്രാണവായുപോലെ സ്നേഹിക്കുന്ന കുര്യന്റെ തൊടിയിൽ ഇപ്പോൾ മട്ടോവ മരമാണ് പഴങ്ങൾകൊണ്ട് നിറഞ്ഞിരിക്കുന്നത്. രണ്ട് മാസം മുൻപ് പൂവിട്ട മരത്തിൽ ഇപ്പോൾ തവിട്ട് നിറത്തിൽ കുലകളായി പഴങ്ങൾ വിളവെടുക്കുവാൻ പാകത്തിലായിരിക്കുകയാണ്. രുചിയുടെ കാര്യത്തിൽ ലിച്ചി, റംബുട്ടാൻ , ലോങ്ങാൻ തുടങ്ങിയ പഴങ്ങളോട് സാമ്യമാണുള്ളത്. പച്ച കളറിലുള്ള പഴം മൂക്കുമ്പോൾ തവിട്ട് നിരത്തിലേക്ക് മാറുകയാണ് ചെയ്യുന്നത്. ചെറിയ കട്ടിയുള്ള തൊലി പൊട്ടിച്ചാൽ റംബുട്ടാൻ പഴത്തോട് സാമ്യമുള്ള ഉൾക്കാമ്പ് ആണുള്ളത്. കുരുവിൽ നിന്നും എളുപ്പത്തിൽ വേർപെടുത്തി എടുക്കാവുന്ന ഉൾക്കാമ്പ് ഫ്രിജിൽ വെച്ച് തണപ്പിച്ചു കഴിച്ചാൽ കൂടുതൽ രുചി അനുഭവപ്പെടുന്നുണ്ടെന്ന് കുര്യൻ വ്യകതമാക്കുന്നു. തൈ നട്ട് മൂന്നാം വർഷം മുതൽ വിളവ് നൽകി തുടങ്ങിയ മരത്തിൽ ഇപ്രാവശ്യം വൻ വിളവ് ആണ് ഉണ്ടായിരിക്കുന്നത്.
വൈറ്റമിൻ സി, ഇ എന്നിവയാൽ സമ്പുഷ്ടമാണ് മട്ടോവ പഴം. ഇത് ആന്റിഓക്സിഡന്റും ആരോഗ്യകരമായ ചർമ്മ ഗുണങ്ങളും നൽകുന്നു. വൈറ്റമിൻ സി വിവിധ രോഗങ്ങൾക്കെതിരെ ശരീരത്തിന്റെ പ്രതിരോധം വർദ്ധിപ്പിക്കാനും സഹായിക്കുന്നു. വിറ്റാമിൻ ഇ സമ്മർദ്ദം കുറക്കുവാനും ചർമത്തിലെ ഈർപ്പവും ഇലാസ്തികതയും നിലനിർത്തുകയും മെച്ചപ്പെടുത്തുകയും ചെയ്യുന്നതിലൂടെ ആരോഗ്യമുള്ള ചർമ്മം നിലനിർത്തുന്നതിൽ പ്രധാന പങ്കുവഹിക്കുന്നു. വിറ്റാമിനുകളുടെയും ധാതുക്കലുടെയും കലവറയായ മട്ടോവ പഴത്തിന് കേരളത്തിൽ വേണ്ടത്ര പ്രചാരം ലഭിച്ചിട്ടില്ലെന്ന് കുര്യന്റെ ഭാര്യ അന്നക്കുട്ടി പറയുന്നു.
പടം : വിളവെടുത്ത മട്ടോവ പഴക്കുലയുമായി അന്നക്കുട്ടി കുര്യൻ
EDITORS CHOICE
ദേശാടന പക്ഷികളെപ്പോലെ വിരുന്നെത്തി സഞ്ചാരികൾ; പുതുകാഴ്ചകൾ ഒരുക്കി തട്ടേക്കാട് പക്ഷിതാവളവും

കോതമംഗലം : പക്ഷിനിരീക്ഷണത്തിനപ്പുറം പുതുമയാർന്ന കൗതുകക്കാഴ്ചകൾ ഒരുക്കി പ്രൗഢിയോടുകൂടി സഞ്ചാരികളെ വരവേൽക്കുകയാണ് തട്ടേക്കാട് പക്ഷിസങ്കേതം. കോതമംഗലം ടൗണിൽ നിന്ന് 17 കിലോമീറ്റർ ദൂരത്തിൽ സ്ഥിതി ചെയ്യുന്ന തട്ടേക്കാട് ഒരു മനോഹരമായ വിനോദസഞ്ചാരകേന്ദ്രം കൂടിയാണ്. പക്ഷിസങ്കേതം സഞ്ചാരികളെ വരവേൽക്കുന്നത് പ്രവേശനവഴിയുടെ ഇരുവശത്തേയും ഭിത്തിയിൽ തട്ടേക്കാട് കാണുന്നതും, അപൂർവമായി വിരുന്നെത്തുന്നതുമായ പക്ഷികളുടെ ചിത്രങ്ങളും പേരുകളും ആലേഖനം ചെയ്തുകൊണ്ടാണ്.
കിളി കൊഞ്ചലുകളുടെ അകമ്പടിയോടുകൂടി ശലഭോദ്യാനം, നക്ഷത്രവനം, ഔഷധസസ്യോദ്യാനം, അനിമൽ റീഹാബിലിേറ്റഷൻ സെന്റർ, െട്രക്കിങ്, ബോട്ടിങ്, പക്ഷിനിരീക്ഷണ പാതയിലേക്കായി ബഗ്ഗീസ് കാർ, ഇല്ലിനാമ്പുകൾകൊണ്ട് തൂക്കണാംകുരുവിയുടെ കൂടിന്റെ മാതൃകയിൽ തീർത്ത വിശ്രമസ്ഥലം, കുട്ടികളുടെ പാർക്ക്, താമസത്തിന് ട്രീ ഹട്ടുകളും വാച്ച് ടവറുകളും എല്ലാം ഒരുക്കിയിയാണ് സഞ്ചാരികളെ തട്ടേക്കാട് ഭ്രമിപ്പിക്കുന്നത്. തട്ടേക്കാട് പക്ഷി സങ്കേതം മൃഗശാലയാണെന്ന ധാരണയിൽ ഇവിടെയെത്തുന്നവർ പോലും തിരിച്ചു പോകുന്നത് ഒരുപിടി മറക്കാനാവാത്ത പക്ഷികളുടെ ഓർമ്മകളുമായാണ്. പക്ഷി നീരീക്ഷണത്തിനൊപ്പം വനം വന്യജീവികളുടെ ആവാസവ്യവസ്ഥ അടുത്തറിയുവാനുള്ള ഇടം കൂടിയാണ് തട്ടേക്കാട്.
25.16 ച.കി.മി വിസ്തീർണ്ണമുള്ള ഈ പ്രദേശം പലവംശത്തിലുള്ള നാട്ടുപക്ഷികളും വ്യത്യസ്ത ദേശങ്ങളിൽനിന്നുമുള്ള ദേശാടനപക്ഷികളും കാലാകാലങ്ങളിൽ ഇവിടെ എത്തുന്നു. തട്ടേക്കാട് ഡോ. സാലിം അലി പക്ഷിസങ്കേത്തിൽ ദേശാടകരടക്കം 330 ഇനം പക്ഷികൾ ഉണ്ടെന്നാണ് കരുതുന്നത്. പക്ഷിനിരീക്ഷണത്തിൽ താത്പര്യമുള്ളവർക്ക് രാവിലെ മുതൽ വൈകുന്നേരം നാലുമണിവരെയുള്ള സമയത്തിനിടയിൽ സങ്കേതത്തിൽ പ്രവേശിച്ച് പഠനം നടത്താൻ വനംവകുപ്പ് അനുമതി നെൽകുന്നുണ്ട്. ആവശ്യമുള്ളവർക്ക് പരിചയ സമ്പന്നരായ പക്ഷി നിരീക്ഷകരുടെ സേവനം ലഭ്യമാണ്. കുടുംബത്തോടൊപ്പം ഇവിടെ താമസിച്ചു കാടിന്റെ സ്പന്ദനം അടുത്തറിയുവാനുള്ള സജ്ജീകരണങ്ങളും വനംവകുപ്പ് ഒരുക്കിയിട്ടുണ്ട്.
പക്ഷിതാവളത്തിലെ താമസത്തിന് വനംവകുപ്പിന്റെ ട്രീ ഹട്ട്, നാലുനില വാച്ച് ടവർ എന്നിവ ലഭ്യമാണ്. രണ്ട് കുട്ടികളടക്കം ഫാമിലിക്ക് 2,500 രൂപയാണ് ചാർജ് ഈടാക്കുന്നത്. പക്ഷിസങ്കേതത്തിലേക്ക് പ്രവേശന ഫീസ് മുതിർന്നവർക്ക് അമ്പത് രൂപയും കുട്ടികൾക്ക് 45 രൂപയുമാണ്. പക്ഷിനിരീക്ഷണ പാതയിലൂടെ ഒന്നര കിലോമീറ്റർ െട്രക്കിങ് ഉൾപ്പെടുത്തിയിട്ടുണ്ട്. ഒരു മണിക്കൂർ നീണ്ടുനിൽക്കുന്ന ബോട്ട് സവാരിക്ക് ഒരാൾക്ക് 150 രൂപയാണ് ചാർജ്. ബോട്ട് സവാരിയിൽ തട്ടേക്കാട് മാത്രം വിരുന്നെത്തുന്ന ചില ദേശാടന പക്ഷികളെ കാണുവാനും നീർപക്ഷികളുടെ ജലകേളികൾ കണ്ട് ആസ്വദിക്കുവാനുമുള്ള അസുലഭ അവസരമാണെന്ന് തട്ടേക്കാട് ഡെപ്യൂട്ടി റേഞ്ച് ഫോറെസ്റ് ഓഫീസർ ബിജുമോൻ എസ് മണ്ണൂർ വെളിപ്പെടുത്തുന്നു.
-
AGRICULTURE1 week ago
കോതമംഗലത്തും വിളയുമെന്ന് തെളിയിച്ചു ഇന്തോനേഷ്യൻ പഴമായ “മട്ടോവ”
-
CRIME1 week ago
വീട്ടിൽ നിന്ന് വാഷും വാറ്റ് ഉപകരണങ്ങളും എക്സൈസ് പിടികൂടി.
-
NEWS1 week ago
ബന്ധുക്കളായ വിദ്യാർത്ഥികൾ പൂയംകുട്ടി പുഴയില് മുങ്ങിമരിച്ചു
-
NEWS2 days ago
ടവർ ലൈനിലെ അലുമിനിയം കമ്പി മോഷണം; 7 പേരെ കുട്ടമ്പുഴ പോലീസ് പിടികൂടി
-
EDITORS CHOICE4 days ago
യാത്രക്കാരന് പുതുജീവൻ; രക്ഷകരായി അജീഷും, രാജീവും സഹ യാത്രക്കാരും; കോതമംഗലത്തിന്റെ അഭിമാനമായി സൂപ്പർ എക്സ്പ്രസ്സ്
-
CHUTTUVATTOM1 week ago
നാട്ടുകാർക്ക് വേണ്ടി അധികാരികൾ ഒറ്റക്കെട്ടായി; കോട്ടപ്പാറ വനാതിർത്തിയോട് ചേർന്നുള്ള റോഡ് നവീകരണം ആരംഭിച്ചു
-
NEWS4 days ago
നാക് അക്രഡിറ്റേഷനില് എ പ്ലസ് നേടിയ കേരളത്തിലെ ആദ്യ എഞ്ചിനീയറിംഗ് കോളേജ് ആയി കോതമംഗലം മാര് അത്തനേഷ്യസ്
-
CRIME1 week ago
ബൈക്ക് മോഷ്ടാക്കളെ കോതമംഗലം പോലീസ് പിടികൂടി
You must be logged in to post a comment Login