കോതമംഗലം: മനുഷ്യാരോഗ്യത്തിന് ഏറെ ഗുണകരമായ പച്ചക്കറി ഉപയോഗിക്കുന്നതിൽ നമ്മൾ ഏറെ പിന്നിലാണെന്ന് എൻ്റെ നാട് ജനകീയ കൂട്ടായ്മയുടെ ചെയർമാൻ ഷിബു തെക്കുംപുറം.
ഒരാൾ പ്രതിദിനം 300 ഗ്രാം പച്ചക്കറി കഴിക്കണമെന്നാണ് ലോകാരോഗ്യ സംഘടന നിർദേശിക്കുന്നത്. എന്നാൽ മലയാളിയുടെ ശരാശരി പച്ചക്കറി ഉപയോഗം 30 ഗ്രാം മാത്രമാണ്. എൻ്റെ നാട് ജനകീയ കൂട്ടായ്മയുടെ കർഷക മിത്രം പദ്ധതിയുടെ ഭാഗമായുള്ള പച്ചക്കറി തൈ വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോതമംഗലം നിയോജക മണ്ഡലത്തിലെ 25,000 വീടുകളിലാണ് ഉയർന്ന ഗുണമേൻമയുള്ള രണ്ടു ലക്ഷം പച്ചക്കറിതൈകളും വളവും നൽകുന്നത്.
പൂർണമായും ജൈവ സാന്നിധ്യത്തിൽ വിഷ രഹിത പച്ചക്കറികൾ വീട്ടിൽ തന്നെ ഉൽപാദിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. പയർ, മുളക്, വഴുതന, തക്കാളി,വെണ്ട, ചീര തൈകളാണ് സൗജന്യമായി നൽകുന്നത്. പദ്ധതിയുടെ ഭാഗമാകുന്നവർക്ക് സാങ്കേതിക സഹായവും മികച്ച വിളവ് ലഭിക്കുന്നവർക്ക് പ്രോൽസാഹനവും നൽകും. യോഗത്തിൽ എം.എസ്.ബെന്നി അധ്യക്ഷത വഹിച്ചു. വാരപ്പെട്ടി പഞ്ചായത്ത് പ്രസിഡൻ്റ് പി.കെ.ചന്ദ്രശേഖരൻ നായർ, നിസാമോൾ ഇസ്മായിൽ, ഡയാന നോബി, സി.കെ.സത്യൻ, കെ.എം. സെയ്ദ്,ബിന്ദു ശശി, ഷജി ബസി,ജോഷി പൊട്ടയ്ക്കൽ എന്നിവർ പ്രസംഗിച്ചു.