പെരുമ്പാവൂർ : ആലുവ മൂന്നാർ റോഡ് പൂർണമായി തകരുന്നതിന് മുൻപ് അടിയന്തര നടപടികൾ പൊതുമരാമത്ത് വകുപ്പ് ആരംഭിക്കണമെന്ന് എൽദോസ് കുന്നപ്പിള്ളി എംഎൽഎ. എ എം റോഡിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട കരാറുകാരൻ 24/9/2023 ഞായറാഴ്ച പെരുമ്പാവൂർ ടൗണിൽ റോഡിന്റെ പകുതിഭാഗം കൾവെർട്ട് നിർമിക്കുന്നതിനായി വെട്ടി പൊളിച്ചു. ഇതിനെ തുടർന്ന് വലിയ തോതിലുള്ള ആക്ഷേപവും, പരാതിയും മണിക്കൂറുകളോളം നീണ്ട ഗതാഗത തടസ്സവും ഉണ്ടായ സാഹചര്യത്തിൽ ബന്ധപ്പെട്ട വകുപ്പുകളുടെ അനുമതിയില്ലാതെ റോഡ് സ്വന്തം നിലയിൽ പൊളിച്ച് കരാറുകാരനെ എഗ്രിമെന്റ് വ്യവസ്ഥകൾ ലംഘിച്ചു എന്ന കാരണത്താൽ പുറത്താകാൻ വേണ്ട നടപടികൾ സ്വീകരിച്ചു വരികയാണെന്നുള്ള മറുപടി മാത്രമാണ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് ലഭിക്കുന്നത്. എന്നാൽ ഇതുമായി ബന്ധപെട്ട തുടർ നടപടികൾ വൈകുന്നത് മൂലം റോഡിന്റെ പല ഭാഗങ്ങൾ പൊട്ടിപൊളിഞ്ഞു കൊണ്ടിരിക്കുകയാണ്. കൂടാതെ ഇതേ റോഡിലെ പോഞ്ഞാശ്ശേരി ഭാഗത്ത് പാതി വഴിയിൽ നിർമ്മാണം ഉപേക്ഷിച്ച കൾവേർട്ട് നിർമ്മാണം മൂലം വെള്ളകെട്ടു ഉണ്ടാവുകയും, ഗതാഗത കുരുക്ക് രൂക്ഷമാവുകയും ചെയ്യുന്ന സാഹചര്യമാണ് നിലവിലുള്ളത്. കൂടാതെ ഉധ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുള്ള വീഴ്ചമൂലം ഈ നിർമ്മാണപ്രവർത്തികൾ അനിശ്ചിതമായി നീണ്ടു പോയികൊണ്ടിരിക്കുകയാണെന്നും എംഎൽ എ കുറ്റപ്പെടുത്തി.
ഒരു മാസം കഴിഞ്ഞിട്ടും യാതോരു നിർമ്മാണ പ്രവർത്തികൾ നടക്കാത്തത് മൂലം ഈ മണ്ഡലത്തിലെ ജനപ്രതിനിധി എന്ന നിലയിൽ ബുദ്ധിമുട്ട് ഉണ്ടാക്കുന്ന വിവരം മന്ത്രിയുടെ അടിയന്തരമായ ഇടപെടൽ ആവശ്യമാണെന്ന് കാണിച്ചുകൊണ്ട് പരാതി നൽകിയതായി എൽദോസ് കുന്നപ്പിള്ളി എംഎൽ എ അറിയിച്ചു.
ആലുവ മൂന്നാർ റോഡുമായി ബന്ധപ്പെട്ടു നിരവധി തെറ്റിദ്ധാരണകളാണ് സി.പി.എം പരത്തുവാൻ ശ്രമിക്കുന്നത്. എം.എൽ.എ എന്ന നിലയിൽ കൃത്യമായി തന്നെ ഈ പദ്ധതിയിൽ ഇടപെട്ടിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പിന്റെ ഭാഗത്ത് നിന്നുണ്ടായ അലംഭാവവും കരാറുകാരുടെ അനാസ്ഥയമാണ് പദ്ധതിയുടെ ഇന്നത്തെ അവസ്ഥക്ക് പ്രധാന കാരണം.
പൊതുമരാമത്ത് വകുപ്പ് റിവൈസ്ഡ് എസ്റ്റിമേറ്റ് പാസാക്കി നൽകാതെ വർക്ക് ആരംഭിക്കുവാൻ സാധിക്കില്ല എന്ന വസ്തുത മറച്ചു വെക്കുന്നതിനാണ് സി.പി.എം എംഎൽഎ എന്ന നിലയിൽ വ്യക്തിപരമായി ആക്ഷേപിക്കുന്നതെന്ന് എംഎൽഎ ആരോപിച്ചു.