കോതമംഗലം: നെല്ലിമറ്റം എംബിറ്റ്സ് എൻജിനീയറിങ് കോളേജ് ഇലക്ട്രിക്കൽ വിഭാഗം അസിസ്റ്റൻ്റ് പ്രൊഫസർ അരുൺ എൽദോ ഏലിയാസ് ഭാരത സർക്കാരിൻ്റെ പേറ്റൻ്റ് കരസ്ഥമാക്കി. പെട്രോൾ, ഡീസൽ വാഹങ്ങളെ സൗരോജ്ഞതിൽ പ്രവർത്തിക്കുന്ന വൈദ്യുത വാഹനങ്ങൾ ആയി മാറ്റുന്നതിനുള്ള ചിലവ് കുറഞ്ഞ കിറ്റ് രൂപകൽപ്പന ചെയ്തതിനാണ് പേറ്റൻ്റ് ലഭിച്ചത്. 20 വർഷത്തേക്കാണ് പേറ്റൻ്റ് ലഭിച്ചിട്ടുള്ളത്. കോളേജിലെ 2014-18 ബാച്ച് ഇലക്ട്രിക്കൽ എൻജിനീയറിങ് വിദ്യാർഥികളുടെ പ്രോജക്ടിൻ്റെ ഭാഗമായിട്ടാണ് ഈ ആശയം രൂപകൽപ്പന ചെയ്തത്. പെട്രോൾ വാഹനങ്ങളുടെ ഗിയർ ബോക്സ് നിലനിറുത്തി എൻജിന് പകരം മോട്ടോറും ബാറ്ററിയും ഘടിപ്പിച്ചാണ് വാഹനം രൂപകൽപ്പന ചെയ്തിരിക്കുന്നത്. വാഹനത്തിന് മുകളിൽ സജ്ജമാക്കിയിട്ടുള്ള സോളാർ പാനൽ വഴി വാഹനങ്ങൾ ചാർജ് ചെയ്യാനും സാധിക്കും. ഉയർന്നുവരുന്ന ഇന്ധന ചിലവും അന്തരീക്ഷ മലിനീകരണവും കണക്കിൽ എടുക്കുമ്പോൾ പെട്രോൾ ഡീസൽ വാഹനങ്ങളെ ചിലവ് കുറഞ്ഞ സോളാർ വാഹനങ്ങൾ ആക്കുന്നതിനുള്ള ഈ കണ്ടുപിടുത്തത്തിന് നല്ല സ്വീകാര്യത ലഭിക്കാൻ കഴിയും.
