കോട്ടപ്പടി : തുടർച്ചയായി കോട്ടപ്പടി പഞ്ചായത്തിലെ വടക്കുംഭാഗം, വാവേലി മേഖലകളിൽ കാട്ടാന ഇറങ്ങി കൃഷി നാശം വരുത്തുന്നത് പതിവായിരിക്കുകയാണ്. ഇന്നലെ രാത്രി ഒൻപത് മണിയോടുകൂടി എത്തിയ കാട്ടാനക്കൂട്ടം അതിരമ്പുഴ വീട്ടിൽ സണ്ണിയുടെ പ്ലാവിലെ ചക്കകൾ ഇട്ട് ഭക്ഷിച്ചശേഷം അടുത്ത കൃഷിയിടങ്ങളിലേക്ക് കൂടി ഇറങ്ങുകയായിരുന്നു. മടത്തുംപാറ റെന്നിയുടെ ഇഞ്ചി , മഞ്ഞൾ കൃഷികൾ ആന ചവിട്ടി നശിപ്പിക്കുകയും ചെയ്തു. നാട്ടുകാരും വനം വകുപ്പിന്റെ മേക്കപ്പാലയിലെ സ്പെഷ്യൽ പ്രൊട്ടക്ഷൻ ഫോഴ്‌സും ചേർന്ന് ആനകളെ ഓടിച്ചു കാട്ടിലേക്ക് കയറ്റുകയായിരുന്നു.
