കവളങ്ങാട് : നേര്യമംഗലത്തിന് സമീപം നീണ്ടപാറയിൽ കാട്ടാന ശല്യം പതിവായി, ഇന്നും ഈ മേഖലകളിൽ കാർഷിക വിളകൾ നശിപ്പിച്ചു. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെയാണ് കാട്ടാനകൾ ജനവാസ കേന്ദ്രങ്ങളിൽ ഇറങ്ങി കൃഷി നാശം വരുത്തുന്നത്. ചില സമയങ്ങളിൽ വീടുകൾക്ക് നേരെയും ആക്രമണ ഭീഷണി ഉണ്ടാകാറുണ്ട്. പുലർച്ചെ റബ്ബർ വെട്ടുന്ന തൊഴിലാളികൾ പലപ്പോഴും തലനാരിഴക്കാണ് ആനയുടെ മുന്നിൽ നിന്ന് രക്ഷപെടുന്നത്. രാത്രി ഭയപ്പാടോടെയാണ് ആളുകൾ കഴിച്ചുകൂട്ടുന്നത്. ഫെൻസിംഗ് ഉൾപ്പെടെയുള്ള സുരക്ഷാ ക്രമീകരണങ്ങൾ കാര്യക്ഷമമാക്കണമെന്നാണ് പ്രദേശവാസികൾ ആവശ്യപ്പെടുന്നത്.
