കോതമംഗലം: കാട്ടാനക്കൂട്ടം ഗർഭണിയായ പശുവിനെ ആക്രമിച്ച് കൊലപ്പെടുത്തി. കോട്ടപ്പടി പഞ്ചായത്തിലെ മുട്ടത്തുപ്പാറ സ്കൂളിന് പുറകിലെ റബ്ബർ തോട്ടത്തിലാണ് ദാരുണ സംഭവം നടന്നത്. തോട്ടത്തിലെ മേൽനോട്ടക്കാരനായ കോട്ടപ്പടി സ്വദേശി തോമസ് കുര്യാക്കോസിൻ്റെ പശുവിനെയാണ് കാട്ടാനക്കൂട്ടം ആക്രമിച്ച് കൊലപ്പെടുത്തിയത്. വെളുപ്പിന് കോട്ടപ്പാറ വനത്തിൽ നിന്ന് എത്തിയ ആനകൾ ജനവാസ മേഖലയിൽ തമ്പടിച്ചതിനെ തുടർന്ന് പ്രദേശവാസികൾ ആനകളെ അവിടെ നിന്ന് തുരത്തിയിരുന്നു. ആനകൾ കാട്ടിലേക്ക് മടങ്ങുന്നതിനിടയിലാണ് റബർ തോട്ടത്തിൽ കെട്ടിയിരുന്ന പശുവിനെ ആക്രമിച്ചത്. പശുവിൻ്റെ കഴുത്തിന് താഴെ ആഴത്തിൽ മുറിവുണ്ട്. കരളിന് ഏറ്റ ക്ഷതമാണ് മരണകാരണം എന്ന് അനുമാനിക്കുന്നു.
കോട്ടപ്പാറ വന മേഖലയോട് ചേർന്ന് കിടക്കുന്ന വാവേലി പ്രദേശത്തു ഒരു വർഷത്തിനുള്ളിൽ നടക്കുന്ന മൂന്നാമത്തെ കാട്ടാന ആക്രമണമാണ് ഇന്നത്തേത്. ആദ്യം പശു കിടാവിനെ ചവിട്ടി കൊല്ലുകയും, നാല് മാസം മുൻപ് രണ്ട് പോത്തുകളെ ചവിട്ടിയും അടിച്ചും കാട്ടാന കൊന്നിരുന്നു. ഇതിനെത്തുടർന്ന് നാട്ടുകാർ നിരവധി പരാതികൾ വനം വകുപ്പിന് സമർപ്പിക്കുകയും ചെയ്തിരുന്നു. സംഭവം അറിഞ്ഞു വനം വകുപ്പ് ഉദ്യോഗസ്ഥരും പൊതുപ്രവർത്തകരും എത്തുകയും ചെയ്‌തു.
വളർത്തു പശുവിനെ നഷ്ടപെട്ട ഉടമസ്ഥന് മതിയായ നഷ്ടപരിഹാരം നൽകുവാൻ വനം വകുപ്പ് തയ്യാറാകണമെന്ന ഉറച്ച നിലപാടിൽ കോട്ടപ്പടി കാതോലിക്ക പള്ളി വികാരിയും മനുഷ്യാവകാശ പ്രവർത്തനുമായ ഫാദർ റോബിൻ പടിഞ്ഞാറേകുറ്റ് എടുക്കുകയും ചെയ്‌തു. എന്റെ നാടിന്റെ പ്രതിനിധിയായി ബിജി ഷിബു സ്ഥലത്തെത്തുകയും നാട്ടുകാർ നേരിടുന്ന വന്യജീവി ആക്രമണങ്ങൾ തടയുവാൻ തക്ക പ്രതിരോധ മാർഗ്ഗങ്ങൾ കൈകൊള്ളുവാനുള്ള നിയമ നടപടികളും സഹായങ്ങളും വാഗ്ദാനം ചെയ്യുകയും ചെയ്തു.