Connect with us

Hi, what are you looking for?

CHUTTUVATTOM

ഇക്കോ ടൂറിസം; അഭയാരണ്യം കപ്രിക്കാട് റോഡ് സഞ്ചാരയോഗ്യമായി

പെരുമ്പാവൂർ : കൂവപ്പടി ഗ്രാമ പഞ്ചായത്തിലെ അഭയാരണ്യം കപ്രിക്കാട് റോഡ് സഞ്ചാരയോഗ്യമായി. എൽദോസ് കുന്നപ്പിള്ളി എം.എൽ.എയുടെ പ്രത്യേക വികസന ഫണ്ടിൽ നിന്നും 35.30 ലക്ഷം രൂപ അനുവദിച്ചതാണ് റോഡ് ടൈൽ വിരിച്ചു നവീകരിച്ചത്. ബെന്നി ബെഹന്നാൻ എം.പി റോഡ് ജനങ്ങൾക്കായി തുറന്നു നൽകി.

കൂവപ്പടി ഗ്രാമ പഞ്ചായത്തിലെ ഒരു പ്രധാനപ്പെട്ട റോഡാണ് അഭയരണ്യം – കപ്രിക്കാട് റോഡ്. അഭയരണ്യം ഇക്കോ ടൂറിസം മേഖലയുടെ അതിർത്തിയായി വരുന്ന ഈ റോഡ് ഏകദേശം മുന്നൂറിലധികം കുടുംബങ്ങളും നിരവധി പൊതുജനങ്ങളും ദിവസേന അവരുടെ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നുണ്ട്. പന്ത്രണ്ട് വർഷങ്ങൾക്ക് മുൻപ് മെറ്റൽ ഇട്ടത് മാത്രമാണ് ഈ റോഡിൽ ചെയ്ത ഏക വികസന പ്രവർത്തനം. വളരെ ശോചനിയാവസ്ഥയിലായ ഈ റോഡിന്റെ  അവസ്ഥ കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് ജനങ്ങൾ എൽദോസ് കുന്നപ്പിള്ളിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. എകദേശം മുന്നൂറിലധികം കുടുംബങ്ങളും ഒരു അംഗണവാടിയും കമ്മ്യുണിറ്റി ഹാളും വനം വകുപ്പിന്റെ കീഴിൽ ഒരു മൃഗാശുപത്രിയും ഈ റോഡിനെ ബന്ധപ്പെടുത്തിയാണ് പ്രവർത്തിക്കുന്നത്.

ഈ റോഡ് ടൈൽ വിരിച്ചു നവീകരിക്കുന്നതിന് എൽദോസ് കുന്നപ്പിള്ളി എം.എൽ.എ ആയതിന് ശേഷം ആസ്തി വികസന ഫണ്ടിൽ നിന്നും തുക അനുവദിച്ചിരുന്നുവെങ്കിലും 1980 ന് മുൻപുള്ള റോഡായി വനം വകുപ്പിന്റെ ആസ്തി രജിസ്റ്ററിൽ രേഖപ്പെടുത്തിയിട്ടില്ലാത്തതിനാൽ ഇതിന്റെ നിർമ്മാണ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുവാൻ അന്ന് സാധിച്ചിരുന്നില്ല. തുടർന്ന് കഴിഞ്ഞ വർഷത്തെ എം.എൽ.എയുടെ പ്രത്യേക വികസന ഫണ്ടിൽ നിന്നും അഭയരണ്യം വന വികസന ഏജൻസിക്ക് നിർമ്മാണ പ്രവർത്തനങ്ങൾക്ക് ആവശ്യമായി വരുന്ന തുക മുൻകൂറായി നൽകി ഈ റോഡ് ടൈൽ വിരിച്ചു നവീകരിക്കുന്നതിനുള്ള പ്രത്യേകാനുമതി നൽകിയാണ് പദ്ധതി പൂർത്തീകരിച്ചത്.

എൽദോസ് കുന്നപ്പിള്ളി എം.എൽ.എ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കെ.കെ അഷ്റഫ്, ബാബു ജോസഫ്, മനോജ് മൂത്തേടൻ, എം.പി പ്രകാശ്, സാബു പത്തിക്കൽ, എൽദോ പത്തിക്കൽ, സുകുമാരൻ മുനിയത്ത്, സി.കെ ഷണ്മുഖൻ, പോൾ കുര്യൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

You May Also Like

error: Content is protected !!