കോതമംഗലം: ന്യൂയോർക് ആസ്ഥാനമായി പ്രവർത്തിക്കുന്ന അമേരിക്കൻ സൊസൈറ്റി ഓഫ് മെക്കാനിക്കൽ എഞ്ചിനീയേഴ്സ് (എഎസ്എംഇ) ആഗോളതലത്തിൽ നൽകുന്ന 2025 ലെ മികച്ച സ്റ്റുഡന്റ് സെക്ഷൻ അധ്യാപകനുള്ള അവാർഡ് കോതമംഗലം മാർ അത്തനേഷ്യസ് എഞ്ചിനീയറിംഗ് കോളേജിലെ മെക്കാനിക്കൽ വിഭാഗം അധ്യാപകൻ ഡോ. ബോബിൻ ചെറിയാൻ ജോസ് കരസ്ഥമാക്കി. അധ്യാപകരുടെ നേതൃനൈപുണ്യം വിലയിരുത്തി നൽകുന്ന ബഹുമതിയിൽ പ്രശസ്തിപത്രവും 500 അമേരിക്കൻ ഡോളർ സമ്മാനത്തുകയുമാണ് ഉൾപ്പെടുന്നത്. എം. എ. എഞ്ചി.കോളേജിലെ എഎസ്എംഇ വിദ്യാർത്ഥി വിഭാഗം ലോകത്തിലെ തന്നെ ഏറ്റവും സജീവമായ സംഘടനകളിലൊന്നായി മാറുകയും അന്താരാഷ്ട്ര മത്സരങ്ങളിൽ പങ്കെടുത്ത് നിരവധി നേട്ടങ്ങൾ കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്.
എം എ കോളേജ് അസോസിയേഷൻ സെക്രട്ടറി ഡോ. വിന്നി വർഗീസ്, പ്രിൻസിപ്പൽ ഡോ. ബോസ് മാത്യു ജോസ്, മെക്കാനിക്കൽ വിഭാഗം മേധാവി ഡോ. സോണി കുരിയാക്കോസ്, ഡോ. കോര ടി. സണ്ണി എന്നിവർ ഡോ. ബോബിനെ അഭിനന്ദിച്ചു.
