കോതമംഗലം : കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ കീഴിലുള്ള മഹാത്മാഗാന്ധി നാഷണൽ കൗൺസിൽ ഓഫ് റൂറൽ എഡ്യൂക്കേഷൻ, സ്വച്ഛ്താ ആക്ഷൻ പ്ലാൻ എന്നിവർ ഏർപ്പെടുത്തിയ പ്രഥമ ഡിസ്ട്രിക്ട് ഗ്രീൻ ചാമ്പ്യൻ അവാർഡ് കോതമംഗലം മാർ അത്തനേഷ്യസ് കോളേജിന് സമ്മാനിച്ചു. പുരസ്കാരം എറണാകുളം അസ്സി. കളക്ടർ സച്ചിൻ കുമാർ യാദവ് ഐ എ എസിൽ നിന്ന് എം. എ കോളേജ് പ്രിൻസിപ്പൽ ഡോ. ഷാന്റി എ അവിര, അക്കാദമിക് ഡീൻ ഡോ. എം എസ് വിജയകുമാരി എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.
എറണാകുളം ജില്ലയിൽ നിന്ന് ഈ നേട്ടം കൈവരിച്ച ഏക കോളേജാണ് കോതമംഗലം മാർ അത്തനേഷ്യസ്. പരിസ്ഥിതി സംരക്ഷണം, ജല സംരക്ഷണം, മാലിന്യ സംസ്കരണം ,ആരോഗ്യ പരിപാലനം, ഊർജ സംരക്ഷണം എന്നീ മേഖലയിലും, ഇതിനു പുറമെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലും എം. എ കോളേജ് കാഴ്ചവെച്ച മികച്ച പ്രകടനത്തിനാണ് ഈ അവാർഡ്.പുരസ്കാരദാനചടങ്ങിനോടനുബന്ധിച്ചു നടന്ന ഓൺലൈൻ സെമിനാറിൽ മഹാത്മാഗാന്ധി നാഷണൽ കൗൺസിൽ ഓഫ് റൂറൽ എഡ്യൂക്കേഷൻ ചീഫ് പ്രോഗ്രാം ഓഫീസർ ജെ. സായ് സുധീർ കുമാർ, ഡോ. ദീപു വര്ഗീസ്, ഡോ. മഞ്ജു കുര്യൻ, പ്രൊഫ. ഷാരി സദാശിവൻ എന്നിവർ പങ്കെടുത്തു.