മൂവാറ്റുപുഴ: കേന്ദ്ര സാമൂഹ്യനീതി മന്ത്രാലയത്തിന്റെ എ.ഡി.ഐ.പി പദ്ധതിയില്‍ ഭിന്നശേഷിക്കാര്‍ക്കുള്ള സഹായ ഉപകരണ വിതരണം മൂവാറ്റുപുഴ അസംബ്ലീ മണ്ഡലത്തിലുള്ളവര്‍ക്കായി ശനിയാഴ്ച 2.30ന് മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് ഹാളിലും, കോതമംഗലം അസംബ്ലീ മണ്ഡലത്തിലുള്ളവര്‍ക്കായി വൈകിട്ട് 3.30ന് കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് ഹാളിലും നടക്കുമെന്ന് ഡീന്‍ കുര്യാക്കോസ് എം.പി. അറിയിച്ചു. എം.പി യുടെ നേതൃത്വത്തില്‍ കഴിഞ്ഞ ഡിസംബര്‍ മാസത്തില്‍ പുതുപ്പാടി ഫാ. ജോസഫ് മെമ്മോറിയല്‍ സ്‌ക്കൂളില്‍ നടന്ന ക്യാമ്പില്‍ പങ്കെടുത്തവര്‍ക്കാണ് വിതരണം. എം.പി.യുടെ ആവശ്യപ്രകാരം കേന്ദ്രസാമൂഹ്യനീതി മന്ത്രാലയത്തിന്റെ എ.ഡി.ഐ.പി പദ്ധതിയില്‍ കേന്ദ്ര പൊതുമേഖല സ്ഥാപനമായ അലിംകോയുടെ നേതൃത്വത്തിലാണ് ക്യാമ്പുകള്‍ സംഘടിപ്പിച്ചിരിക്കുന്നത്. കോതമംഗലം 77 ഉം മൂവാറ്റുപുഴ 108 പേരും ഉള്‍പ്പെടെ ഇടുക്കി പാര്‍ലമെന്റ് മണ്ഡലത്തിലാകെ 786 ഗുണഭോക്താക്കള്‍ക്കായി (ആകെ 61.62 ലക്ഷം രൂപയുടെ) 1365 സഹായ ഉപകരണങ്ങളാണ് വിതരണം ചെയ്യുന്നത്. ഡീന്‍ കുര്യാക്കോസ് എം.പി. ഉദ്ഘാടനം നിര്‍വ്വഹിക്കുന്ന ചടങ്ങില്‍, മൂവാറ്റുപുഴ കോതമംഗലം എം.എല്‍.എ മാരായ മാത്യു കുഴല്‍നാടന്‍ ആന്റണി ജോണ്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ, കെ.ജി. രാധാകൃഷ്ണന്‍, പി.എ.എം. ബഷീര്‍, അലിംകോ ബംഗലുരു ഡെപ്യൂട്ടി മാനേജര്‍ ശിവകുമാര്‍ എന്നിവര്‍ പങ്കെടുക്കും.