കോതമംഗലം :സംസ്ഥാനത്ത് മുഴുവൻ വില്ലേജുകളിലും സമയബന്ധിതമായി റീ സർവ്വേ നടപടികൾ പൂർത്തീകരിക്കുന്നതിനായി സർക്കാർ ആവിഷ്കരിച്ചിട്ടുള്ള ഡിജിറ്റൽ റീ സർവ്വേ പദ്ധതിയുടെ ഭാഗമായിട്ടുള്ള സർവ്വേ നടപടികൾ തിങ്കളാഴ്ച (25/8/25) വാരപ്പെട്ടി വില്ലേജിൽ ആരംഭിക്കുമെന്ന് ആന്റണി ജോൺ എം എൽ എ അറിയിച്ചു. ഡിജിറ്റൽ റീ സർവ്വേയുടെ മൂന്നാം ഘട്ടത്തിന്റെ ഭാഗമായിട്ടാണ് വാരപ്പെട്ടി വില്ലേജിനെ സർവ്വേ നടപടികൾക്കായി തിരഞ്ഞെടുത്തിട്ടുള്ളത്.
വാരപ്പെട്ടി വില്ലേജ് ഉള്‍പ്പെടുന്ന 2152 ഹെക്ടറോളം വിസ്തീര്‍ണ്ണമുള്ള സ്ഥലം ഡിജിറ്റല്‍ സര്‍വെ 6 മാസം കൊണ്ട് പൂര്‍ത്തികരിക്കുന്ന കര്‍മ പദ്ധതിയാണ് ഇതുമായി ബന്ധപ്പെട്ടു കൊണ്ട് ആവിഷ്കരിച്ചിട്ടുള്ളത്.
ഡിജിറ്റല്‍ സര്‍വെ ആരംഭിക്കുന്ന സ്ഥലങ്ങളില്‍ സര്‍വെ ഉദ്യോഗസ്ഥര്‍ ഹാജരാവുമ്പോള്‍ ഭൂവുടമസ്ഥര്‍ സര്‍വെ ഉദ്യോഗസ്ഥര്‍ക്ക് അവരവരുടെ ഭൂമിയുടെ അതിര്‍ത്തി കാണിച്ച് നല്‍കുകയും, അവകാശ രേഖകള്‍, കരം അടച്ച രസീത് എന്നിവയുടെ പകര്‍പ്പ് നല്‍കുകയും ചെയ്ത് കുറ്റമറ്റ രീതിയില്‍ ഡിജിറ്റല്‍ സര്‍വെ ചെയ്യുന്നതിന് അവസരമൊരുക്കേണ്ടതാണ്. ഡിജിറ്റല്‍ സര്‍വെ പൂര്‍ത്തീകരിച്ച് കഴിഞ്ഞാല്‍ ഭൂവുടസ്ഥർക്ക് *http://enteboomi.kerala.gov.in* എന്ന പോര്‍ട്ടല്‍ സന്ദർശിച്ച് ഭൂമിയുടെ രേഖകളുടെ കൃത്യത ഓണ്‍ലൈനില്‍ പരിശോധിക്കുന്നതിനുളള സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും എം എൽ എ പറഞ്ഞു. വാരപ്പെട്ടി വില്ലേജ് അതിർത്തി പങ്കിടുന്ന വില്ലേജുകളാണ് പല്ലാരിമംഗലം, കോതമംഗലം, പോത്താനിക്കാട്, ഏനാനല്ലൂർ എന്നിവ.കോതമംഗലം മണ്ഡലത്തിൽ ഒന്നാംഘട്ട സർവ്വേയ്ക്കായി തിരഞ്ഞെടുത്തിരുന്ന പല്ലാരിമംഗലം വില്ലേജിൽ ഡിജിറ്റൽ സർവ്വേ നടപടികൾ പൂർത്തീകരണ ഘട്ടത്തിലാണ്. രണ്ടാം ഘട്ട സെർവ്വേ നടപടികൾ ആരംഭിച്ച കോതമംഗലം വില്ലേജിലെ റീ സെർവ്വേ നടപടികൾ 50% ത്തോളം പൂർത്തീകരിക്കുകയും ചെയ്തിട്ടുണ്ട്. നിലവിൽ സർവ്വേയുമായി ബന്ധപ്പെട്ട എന്തെങ്കിലും പരാതികൾ ഉണ്ടെങ്കിൽ റീ സർവ്വേ സൂപ്രണ്ട് മേഖല ഓഫീസിൽ (പിറവം )[0485 2242966] ബന്ധപ്പെടേണ്ടതാണെന്നും,വാരപ്പെട്ടി വില്ലേജിലെ ഡിജിറ്റൽ റീ സെർവ്വേ നടപടികൾക്ക് തിങ്കളാഴ്ച (25/08/25) കോഴിപ്പിള്ളി ഒന്നാം വാർഡിൽ തുടക്കമാകുമെന്നും എംഎൽഎ പറഞ്ഞു.
