കുട്ടമ്പുഴ: കുട്ടമ്പുഴയാറിലെ ബംഗ്ലാവ് കടവില്‍ ജങ്കാര്‍ സര്‍വീസ് ആരംഭിക്കുന്നതിന് ഒരുക്കങ്ങള്‍ നടത്തിയെങ്കിലും സര്‍വീസ് ഇതുവരെയും ആരംഭിച്ചിട്ടില്ല. കുട്ടമ്പുഴ, വടാട്ടുപാറ നിവാസികളുടെ യാത്രാക്ലേശം പരിഹരിക്കാന്‍ ലക്ഷ്യമിട്ട് കുട്ടമ്പുഴയെയും വടാട്ടുപാറയെയും ബന്ധിപ്പിച്ച് ബംഗ്ലാവ് കടവില്‍ സജ്ജമാക്കിയ ജങ്കാര്‍ സര്‍വീസാണ് അനിശ്ചിതത്വത്തില്‍ തുടരുന്നത്. കഴിഞ്ഞ മാര്‍ച്ചില്‍ 8 ലക്ഷം രൂപ ചെലവഴിച്ച് പഞ്ചായത്ത് ചങ്ങാടം ഒരുക്കിയിരുന്നു.
ഭൂതത്താന്‍കെട്ട് ബറാജില്‍ ഷട്ടറുകള്‍ അടച്ചതോടെ ജങ്കാര്‍ സര്‍വീസ് നടത്താനുതകുന്ന രീതിയില്‍ പുഴയില്‍ ജലനിരപ്പ് ഉയരുകയും ചെയ്തു. എന്നാല്‍ സര്‍വീസ് ആരംഭിക്കണമെങ്കില്‍ ജെട്ടി നവീകരണം ആവശ്യമാണെന്നും, ഇതിനായി വനംവകുപ്പിന്റെ അനുമതി ലഭ്യമായിട്ടില്ലെന്നുമാണ് പഞ്ചായത്ത് അധികൃതരുടെ വാദം. ബംഗ്ലാവ് കടവില്‍ പാലം വേണമെന്ന് ആവശ്യമുയര്‍ന്നെങ്കിലും ഇതുവരെയും നടപടിയായില്ല.






















































