കോതമംഗലം: കോതമംഗലം താലൂക്കിലെ വിവിധ പ്രദേശങ്ങളിൽ ഡെങ്കിപ്പനി കൂടുതലായി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾക്കും,കൂടുതൽ പഠനങ്ങൾക്കുമായി ആരോഗ്യ വകുപ്പിൻ്റെ പ്രത്യേക മെഡിക്കൽ സംഘത്തെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ട് ആൻ്റണി ജോൺ എംഎൽഎ ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചർക്ക് കത്ത് നല്കി. ഡെങ്കിപ്പനി നിയന്ത്രണ വിധേയമാക്കുവാൻ കൊതുക് ഉറവിട നശീകരണവും,ഫോഗിങ്ങും ഉൾപ്പെടെയുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമായി നടക്കുമ്പോഴും പുതിയ ഡെങ്കി കേസുകൾ റിപ്പോർട്ട് ചെയ്തു വരുന്ന സാഹചര്യത്തിലാണ് ഡെങ്കിപ്പനി നിയന്ത്രണ വിധേയമാക്കുവാൻ ഒരു പ്രത്യേക മെഡിക്കൽ സംഘത്തെ കോതമംഗലം താലൂക്കിൽ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് ആൻ്റണി ജോൺ എംഎൽഎ ആരോഗ്യ വകുപ്പ് മന്ത്രിക്ക് കത്ത് നല്കിയത്.
ആദ്യ ഡെങ്കി കേസ് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ തന്നെ താലൂക്കിൽ സമഗ്ര ആരോഗ്യ ജാഗ്രത പരിപാടിക്ക് തുടക്കം കുറിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് പഞ്ചായത്ത്/മുൻസിപ്പൽ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് വീടുകൾ തോറും ശുചീകരണ പ്രവർത്തനങ്ങളും,കൊതുകിൻ്റെ ഉറവിട നശീകരണവും,ഫോഗിങ്ങും,ബോധവൽകരണ നോട്ടീസും ഉൾപ്പെടെയുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയിരുന്നു.തുടർന്നും ഡെങ്കിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യമുണ്ടായി. ഡെങ്കിപ്പനി നിയന്ത്രണത്തിനും കൂടുതൽ പഠനത്തിനുമായി പ്രത്യേക ആരോഗ്യ സംഘത്തെ നിയോഗിക്കുന്നതിനോടൊപ്പം തന്നെ താലൂക്കിലെ വിവിധ ആരോഗ്യ കേന്ദ്രങ്ങൾ കേന്ദ്രീകരിച്ച് ഡെങ്കിപ്പനി നിർണ്ണയിക്കുന്നതിനാവശ്യമായ സ്ക്രീനിങ്ങ് ടെസ്റ്റ് സംവിധാനങ്ങൾ ഒരുക്കണമെന്നും,കൂടുതൽ സൗകര്യങ്ങളുള്ള ആരോഗ്യ കേന്ദ്രങ്ങളിൽ പ്രത്യേക വാർഡുകൾ സജ്ജീകരിക്കണമെന്നും ആവശ്യമെങ്കിൽ ഇതിനാവശ്യമായ ഡോക്ടർമാരേയും നഴ്സ്മാരേയും, ഫീൽഡ് സ്റ്റാഫിനേയും താല്കാലിക അടിസ്ഥാനത്തിൽ അടിയന്തിരമായി നിയമിക്കുന്നതിനു വേണ്ട നടപടി സ്വീകരിക്കണമെന്നും,ഡെങ്കിപ്പനി നിർണ്ണയിക്കുന്നതിന് ആവശ്യമായ ലബോറട്ടറി സംവിധാനങ്ങൾ വിപുലപ്പെടുത്തണമെന്നും,ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റിൻ്റെ നേതൃത്വത്തിൽ നടത്തുന്ന ഫോഗിങ്ങ് കൂടുതൽ ടീമിനെ നിയോഗിച്ച് കൂടുതൽ പ്രദേശങ്ങളിലേക്ക് കൂടുതൽ സമയം വ്യാപിപ്പിക്കുവാൻ വേണ്ട നടപടി സ്വീകരിക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടു.
എറണാകുളം ജില്ലയുടെ കിഴക്കൻ മേഖലയായ കോതമംഗലത്ത് ഇത്തരത്തിൽ ഇടക്കിടക്ക് ഡെങ്കിപനി റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ അതിനെ കുറിച്ച് പഠിക്കുന്നതിനും,ഡെങ്കിപ്പനി നിയന്ത്രണ വിധേയമാക്കുന്നതിനും വേണ്ടി ആരോഗ്യ വകുപ്പിൻ്റെ ഒരു സ്പെഷ്യൽ ടീമിനെ നിയോഗിക്കണമെന്നും എംഎൽഎ കത്തിൽ ആവശ്യപ്പെട്ടു.