കോതമംഗലം : തട്ടേക്കാട് പക്ഷി സങ്കേതത്തിന്റെ അതിർത്തി പുനർനിർണ്ണയം നടത്തുന്നതിനാവശ്യ മായ നടപടികൾ സ്വീകരിച്ചു വരുന്നതായി മന്ത്രി എ കെ ശശിന്ദ്രൻ നിയമസഭയിൽ അറിയിച്ചു.ആന്റണി ജോൺ എം എൽ എ യുടെ ചോദ്യത്തിന് മറുപടിയായിട്ടാണ് നിയമസഭയിൽ ഇക്കാര്യം വ്യക്തമാക്കിയത്.ഏഷ്യയിലെ തന്നെ പ്രധാന പക്ഷി സങ്കേതമായ കോതമംഗലം മണ്ഡലത്തിൽ സ്ഥിതി ചെയ്യുന്ന പക്ഷി സങ്കേതത്തെ 1983 ൽ ഡോ. സലിം അലി പക്ഷി സങ്കേതമായി പ്രഖ്യാപിക്കുമ്പോൾ ജനവാസ കേന്ദ്രങ്ങളെ കൂടി ഉൾപ്പെടുത്തിയാണ് അതിർത്തി നിശ്ചയിച്ചിട്ടുള്ളത്.
ഇത്തരത്തിൽ പക്ഷി സങ്കേതത്തിന്റെ അതിർത്തികൾ നിശ്ചയിച്ചതിനാൽ പഞ്ചായത്ത് ഓഫീസ്,വില്ലേജ് ഓഫീസ്,പോലീസ് സ്റ്റേഷൻ,സ്കൂളുകൾ, ആശുപത്രികൾ,വിവിധ മത വിഭാഗത്തിൽപ്പെട്ടവരുടെ 26 ഓളം ആരാധനാലയങ്ങൾ,നൂറു കണക്കിന് വ്യാപാര സ്ഥാപനങ്ങൾ തുടങ്ങിയവ തട്ടേക്കാട് പക്ഷി സങ്കേതത്തിന്റെ അതിർത്തിക്കുള്ളിലാണ് ഉൾപ്പെട്ടിട്ടുള്ളത്. അതിർത്തി പുനർ നിർണ്ണയം നടപ്പിലാക്കുന്നതിന്റെ കാലതാമസം അടക്കം എം എൽ എ നിയമസഭയിൽ ഉന്നയിച്ചു.
സംസ്ഥാന വന്യജീവി ബോര്‍ഡിന്റെ 19.01.2023-ന് ചേര്‍ന്ന യോഗ നടപടി കുറിപ്പിലെ അജണ്ടാ നം. 7.1 ലെ തീരുമാന പ്രകാരം ഇടുക്കി വൈല്‍ഡ് ലൈഫ് ഡിവിഷനിലെ തട്ടേക്കാട് പക്ഷി സങ്കേതത്തിലെ ജനവാസ മേഖല പക്ഷി സങ്കേതത്തില്‍ നിന്നും ഒഴിവാക്കുന്നതിനുളള പ്രൊപ്പോസല്‍ പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ്‌സ് (വൈല്‍ഡ് ലൈഫ്) & ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നെന്നും ടി പ്രൊപ്പോസലിലെ മാപ്പുകളിലെ അപാകതകള്‍ പരിഹരിച്ച് സമര്‍പ്പിക്കുവാന്‍ 30.12.2023 ലെ ഡി2/111/2020/ വനം കത്ത് പ്രകാരം സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ആയത് അന്തിമ ഘട്ടത്തിലാണ്.ജനവാസ മേഖല പൂര്‍ണ്ണമായി ഒഴിവാക്കിയുള്ള പ്രൊപ്പോസല്‍ തയ്യാറാക്കി വരുന്നതായും മന്ത്രി എ കെ ശശീന്ദ്രൻ നിയമസഭയിൽ അറിയിച്ചു.