കോതമംഗലം : തട്ടേക്കാട് പക്ഷിസങ്കേതത്തിനകത്തെ ജനവാസ മേഖലകളെ സങ്കേതത്തില്‍ നിന്നും ഒഴിവാക്കണമെന്ന സംസ്ഥാന വന്യജീവി ബോര്‍ഡിന്റെ ശുപാര്‍ശ പരിഗണിച്ച് കേന്ദ്ര വന്യജീവി ബോര്‍ഡിന്റെ സ്റ്റാന്റിംഗ് കമ്മിറ്റി നിയോഗിച്ച വിദഗ്ധ സമിതി അംഗങ്ങള്‍ സ്ഥലം സന്ദര്‍ശിക്കും. 2024 ഡിസംബര്‍ 19, 20, 21 തീയതികളിലായിട്ടാണ് തട്ടേക്കാട്, പമ്പാവാലി, ഏയ്ഞ്ചൽ വാലി എന്നീ പ്രദേശങ്ങളില്‍ സംഘം പരിശോധന നടത്തുക.
വിദഗ്ധ സംഘത്തില്‍ പ്രധാനമായും മൂന്ന് അംഗങ്ങള്‍ഉണ്ടായിരിക്കുന്നതാണ്. ദേശീയ വന്യജീവി ബോര്‍ഡിന്റ സ്റ്റാന്റിംഗ് കമ്മിറ്റി അംഗവും പ്രശസ്ത ശാസ്ത്രജ്ഞനുമായ ഡോ. സുകുമാര്‍, ദേശീയ വന്യജീവി വിഭാഗം ഇന്‍സ്‌പെക്ടര്‍ ജനറല്‍, സംസ്ഥാന സര്‍ക്കാരിന്റെ ഒരു പ്രതിനിധി തുടങ്ങിയവരാണ് സമിതിയിലെ അംഗങ്ങള്‍. കൂടാതെ ടൈഗര്‍ റിസര്‍വ്വ്, കേന്ദ്ര വന്യജീവി വകുപ്പ് എന്നീ വിഭാഗങ്ങളില്‍ നിന്നുള്ള പ്രധാനപ്പെട്ട ഉദ്യോഗസ്ഥരും സംഘത്തോടൊപ്പം ഉണ്ടായിരിക്കുന്നതാണ്.ഈ വിഷയങ്ങള്‍ ശുപാര്‍ശ ചെയ്യുന്നതിനായി 05.10.2024-ല്‍ പ്രത്യേകം വിളിച്ചു ചേര്‍ത്ത സംസ്ഥാന വന്യജീവി ബോര്‍ഡ് യോഗമാണ് ജനവാസ മേഖലകള്‍ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് കേന്ദ്ര വന്യജീവി ബോര്‍ഡിനോട് ശുപാര്‍ശ ചെയ്തുകൊണ്ടുള്ള തീരുമാനം കൈകൊണ്ടത്. സംസ്ഥാന വന്യജീവി ബോര്‍ഡിന്റെ ശുപാര്‍ശ 09.10.2024-ന് ചേര്‍ന്ന കേന്ദ്ര വന്യജീവി ബോര്‍ഡിന്റെ അജണ്ടയില്‍ ഉള്‍പ്പെടുത്തി പരിഗണനയ്ക്ക് കൊണ്ടുവരാന്‍ സാധിച്ചു എന്നത് സംസ്ഥാന സര്‍ക്കാരിന്റെ നേട്ടവും ഈ വിഷയങ്ങളിൽ കാണിക്കുന്ന ആത്മാര്‍ത്ഥമായ പ്രവര്‍ത്തനത്തിന്റെ ഫലവുമാണെന്ന് എം എൽ എ പറഞ്ഞു . തട്ടേക്കാട്,പമ്പാവാലി,ഏയ്ഞ്ചൽ വാലി വിഷയങ്ങൾ കേന്ദ്ര വന്യജീവി ബോര്‍ഡ് അനുകൂലമായി പരിഗണിച്ചതിന്റെ അടിസ്ഥാനത്തിലാണ് സ്ഥലം പരിശോധിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ ദേശീയ വന്യജീവി ബോര്‍ഡിന്റെ സ്റ്റാന്റിംഗ് കമ്മിറ്റി യോഗം തീരുമാനിച്ചത്. വിദഗ്ധ സമിതിയുടെ മുന്‍പാകെ കാര്യങ്ങള്‍ അവതരിപ്പിക്കാന്‍ ബന്ധപ്പെട്ട ജനപ്രതിനിധികള്‍ക്കും പൊതുജനങ്ങള്‍ക്കും സാഹചര്യം ഒരുക്കുമെന്ന് വനം വകുപ്പ് മന്ത്രി ശ്രീ.എ കെ ശശീന്ദ്രൻ ഉറപ്പുനൽകിയതായും ആന്റണി ജോൺ എം എൽ എ അറിയിച്ചു.
