കോതമംഗലം : തട്ടേക്കാട് പക്ഷി സങ്കേതത്തിനകത്തെ ജനവാസ മേഖലകളെ സങ്കേതത്തിൽ നിന്നും ഒഴിവാക്കണമെന്ന സംസ്ഥാന വന്യജീവി ബോർഡിന്റെ ശുപാർശ പരിഗണിച്ച് കേന്ദ്ര വന്യജീവി ബോർഡിന്റെ സ്റ്റാൻഡിങ് കമ്മിറ്റി നിയോഗിച്ച വിദഗ്ധ സമിതി ഡിസംബർ 27ന് തട്ടേക്കാട് സന്ദർശനം നടത്തുമെന്ന് ആന്റണി ജോൺ എംഎൽഎ അറിയിച്ചു. 2024 ഡിസംബർ 19, 20, 21 തീയതികളിലായിട്ടാണ് തട്ടേക്കാട്,പമ്പാവാലി ഏയ്ഞ്ചൽ വാലി എന്നീ പ്രദേശങ്ങളിൽ സംഘം പരിശോധന നടത്തുവാൻ നേരത്തെ നിശ്ചയിച്ചിരുന്നത്.
ദേശീയ വന്യജീവി ബോർഡിന്റെ സ്റ്റാൻഡിങ് കമ്മിറ്റി അംഗവും,പ്രശസ്ത ശാസ്ത്രജ്ഞനുമായ ഡോക്ടർ സുകുമാർ,ദേശീയ വന്യജീവി വിഭാഗം ഇൻസ്പെക്ടർ ജനറൽ, സംസ്ഥാന സർക്കാരിന്റെ പ്രതിനിധിയായ ചീഫ് വൈൽഡ് ലൈഫ് വാർഡ് പ്രമോദ് ജി കൃഷ്ണൻ ഐ എഫ് എസ്, കേന്ദ്ര വന്യജീവി വകുപ്പിൽ നിന്നുള്ള പ്രധാനപ്പെട്ട ഉദ്യോഗസ്ഥരും വിദഗ്ധ സംഘത്തോടൊപ്പം ഉണ്ടായിരിക്കും. ഡിസംബർ 26,27,28 തീയതികളിലായിട്ടാണ് തട്ടേക്കാട്, പമ്പാവാലി, ഏയ്ഞ്ചൽ വാലി പ്രദേശങ്ങൾ സന്ദർശിക്കാനായി സംഘം എത്തുന്നത്.