പോത്താനിക്കാട്: പൈങ്ങോട്ടൂര്‍ പഞ്ചായത്തിലെ വനാതിര്‍ത്തി മേഖലകളായ ചാത്തമറ്റം, ഒറ്റക്കണ്ടം, പാറേപ്പടി, വടക്കേപുന്നമറ്റം എന്നീ പ്രദേശങ്ങളില്‍ കാട്ടാനശല്യം പതിവായി. ചാത്തമറ്റത്ത് ശനിയാഴ്ച രാത്രി ഒമ്പത് മുതല്‍ പുലര്‍ച്ചെ മൂന്നുവരെ കാട്ടാനകള്‍ കൃഷികള്‍ നശിപ്പിച്ചു. കുറ്റിശ്രക്കുടിയില്‍ ബേബി, ചീരകത്തോട്ടം ബേബി, ചീരകത്തോട്ടം ഷിനു, ചീരകത്തോട്ടം ബെന്നി എന്നിവരുടെ കുലച്ചവാഴകളും പൈനാപ്പിളും 15 റബര്‍ തൈകളുമാണ് മൂന്ന് ആനകള്‍ കയറി നശിപ്പിച്ചത്. കൃഷി നശിപ്പിക്കുന്നതിന്റെ ശബ്ദംകേട്ട കര്‍ഷകര്‍ വനപാലകരെ ഉടന്‍ വിളിച്ചുവരുത്തിയെങ്കിലും മണിക്കൂറുകള്‍ക്കുശേഷമാണ് ആനകളെ തുരത്താന്‍ കഴിഞ്ഞതെന്ന് നാട്ടുകാര്‍ പറഞ്ഞു. ഈ മേഖലയില്‍ രണ്ടാഴ്ച മുന്പും സമാനമായ രീതിയില്‍ കൃഷികള്‍ നശിപ്പിച്ചിരുന്നു.
ജനവാസമേഖലയോടു ചേര്‍ന്നുള്ള വനാതിര്‍ത്തികളില്‍ ട്രഞ്ച് നിര്‍മിച്ചും ഫെന്‍സിംഗ് ഏര്‍പ്പെടുത്തിയും വന്യമൃഗശല്യം ഒഴിവാക്കണമെന്ന് കര്‍ഷക കോണ്‍ഗ്രസ് പൈങ്ങോട്ടൂര്‍ മണ്ഡലം കമ്മിറ്റിയോഗം ആവശ്യപ്പെട്ടു. സംസ്ഥാന ജനറല്‍ സെക്രട്ടറി മാണി പിട്ടാപ്പിള്ളില്‍ യോഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഡൊമിനിക് നെടുങ്ങാട്ട് അധ്യക്ഷത വഹിച്ചു. കെ.വി. കുര്യാക്കോസ്, റോബിന്‍ ഏബ്രഹാം, ഇബ്രാഹിം ലുഷാദ്, കെ.എം. ചാക്കോ, ബാബു മാത്യു, റെജി സാന്റി, സാറാമ്മ പൗലോസ് എന്നിവര്‍ പ്രസംഗിച്ചു.



























































