കോതമംഗലം: പിണ്ടിമന പഞ്ചായത്ത് സെക്രട്ടറിയെ തല്ലിയ സിപിഎം പ്രാദേശിക നേതാവിനെതിരേ മുഖം നോക്കാതെ നടപടിയെടുത്ത സിഐയെ സ്ഥലംമാറ്റി. കോതമംഗലം സിഐ ബേസിൽ തോമസിനെയാണ് തൃശൂരിലേക്ക് സ്ഥലംമാറ്റിയിരിക്കുന്നത്. പിണ്ടിമന ഗ്രാമ പഞ്ചായത്തിന്‍റെ സെക്രട്ടറിയെയാണ് സിപിഎം പ്രാദേശിക നേതാവിന്‍റെ നേതൃത്വത്തിൽ പണിമുടക്ക് ദിവസത്തിൽ തല്ലിച്ചതച്ചത്. ചീത്തവിളിയുമായി പൊതുനിരത്തിലൂടെ ജാഥയായി എത്തിയാണ് സിപിഎം പ്രാദേശിക നേതാവും സംഘവും പഞ്ചായത്ത് സെക്രട്ടറിയെ പഞ്ചായത്ത് ഓഫീസിനുള്ളിൽ വച്ച് തല്ലിയത്. ഇതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇതിനെതിരേ കൃത്യമായ നടപടിയെടുത്തതിനാണ് ഇപ്പോൾ കോതമംഗലം സിഐ ബലിയാടായിരിക്കുന്നത്.
സ്വാധീനങ്ങൾക്കു വഴങ്ങാതെ സിപിഎം പിണ്ടിമന ലോക്കൽ സെക്രട്ടറി അടക്കമുള്ളവർക്കെതിരേയാണ് ബേസിൽ കേസെടുത്തത്. അതിന്‍റെ പ്രതികാരമായിട്ടാണ് ഇപ്പോൾ പാർട്ടിനേതൃത്വം ഇടപെട്ട് ബേസിൽ തോമസിനെ തൃശൂർ ചെറുതുരുത്തിയിലേക്കു സ്ഥലംമാറ്റിയിരിക്കുന്നത്. സത്യസന്ധരായ ഉദ്യോഗസ്ഥരുടെ ആത്മവീര്യം കെടുത്തുന്ന നടപടിയാണ് അധികാരികളിൽനിന്ന് ഉണ്ടായിരിക്കുന്നതെന്നാണ് ഉയർന്നിരിക്കുന്ന ആരോപണം.
ഒരു വശത്തുകൂടി നാട്ടിലെ ഗുണ്ടായിസവും ക്രിമിനൽ പ്രവർത്തനങ്ങളും തടയാൻ ശ്രമം നടത്തുകയാണെന്നു പറയുകയും എന്നാൽ, അതേസമയം തന്നെ കൃത്യമായി ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരെ അനാവശ്യമായി ശിക്ഷിച്ചു ആത്മവീര്യം തകർക്കുകയും ചെയ്യുന്ന നടപടിയാണ് ഉണ്ടാകുന്നതെന്നു നാട്ടുകാർ ചൂണ്ടിക്കാണിക്കുന്നു.