കോതമംഗലം: കവളങ്ങാട് ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡിൽ രണ്ട് കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ നേര്യമംഗലത്ത് അതീവ ജാഗ്രതാ നടപടികൾ തുടരുകയാണ്. കഴിഞ്ഞ ദിവസം പതിനൊന്നാം വാർഡിൽ സമ്പർക്കത്തിലൂടെയുള്ള കോവിഡ് കേസ് സ്ഥിതീകരിച്ചതിനെ തുടർന്ന് പ്രസ്തുത വാർഡ് പ്രദേശം കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചിരുന്നു. കോവിഡ് 19 പോസിറ്റീവ് ആയ വ്യക്തിയുമായി പ്രാഥമിക സമ്പർക്കം പുലർത്തിയ 27 പേരുടെ സമ്പർക്ക പട്ടിക തയ്യാറാക്കുകയും,ഇവരെ ഹോം ക്വാറന്റയ്നിൽ ആക്കുകയും ചെയ്തിട്ടുണ്ട്. കണ്ടയ്ൻമെൻ്റ് സോൺ ആയതോടെ ഈ വാർഡിലേക്കുള്ള 5 പ്രധാന റോഡുകൾ അടക്കുകയും ചെയ്തിതിട്ടുള്ളതാണ്.ഇവിടെ എൻട്രി,എക്സിറ്റ് എന്നിവക്കായി 90 സെന്റ് കോളനി റോഡ് മാത്രമാണ് അവശ്യ കാര്യങ്ങൾക്കായി തുറന്നു കൊടുത്തിട്ടുള്ളത്. അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ ഒന്നിടവിട്ട് മാറി മാറി തുറക്കുന്നതിനും തീരുമാനിച്ചു.
പ്രദേശത്തെ ചുമട്ടുതൊഴിലാളികളുടെ എണ്ണം ക്രമീകരിച്ച് ജോലിക്ക് നിയോഗിക്കുവാനും മാസ്ക് ധരിക്കാത്തവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുവാനും തീരുമാനിച്ചു.എ റ്റി എമ്മുകൾ അടച്ചിടുന്നതിനു വേണ്ട നിർദേശം നൽകും.പ്രദേശത്തെ മർച്ചന്റ്സ്,യൂത്ത് വിങ്ങ്,സന്നദ്ധ പ്രവർത്തകർ തുടങ്ങിയവർക്ക് പരിശീലനം നൽകും. പ്രദേശത്താകെ മൈക്ക് അനൗൺസ്മെന്റ് വഴി ആവശ്യമായ പ്രചരണം നടത്തും. നേര്യമംഗലം സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ എത്തി ആന്റണി ജോൺ എം എൽ എ പ്രവർത്തനങ്ങൾ വിലയിരുത്തി.
അവലോകന യോഗത്തിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോബി ജേക്കബ്,ജില്ലാ പഞ്ചായത്ത് മെമ്പർ സൗമ്യ ശശി,മെഡിക്കൽ ഓഫീസർമാരായ ഡോക്ടർ ലുസീന ജോസഫ്,ഡോക്ടർ അഭിലാഷ് കൃഷ്ണൻ,ഹെൽത്ത് ഇൻസ്പെക്ടർ ജഗദീഷ് എം എൻ,എസ് ഐമാരായ സി പി ബഷീർ,എൽദോസ് എം സി,വില്ലേജ് ഓഫീസർ കെ എം സുബൈർ,പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ഷീജ റ്റി ആർ,ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ അനീഷ് മോഹനൻ,എബിമോൻ മാത്യൂ,ആരോഗ്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർപേഴ്സൺ ഷിജി അലക്സ്,മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് ബിജു പി എസ്,വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.