കോതമംഗലം: കോതമംഗലം, തട്ടേക്കാട്, ഇടമലയാര്‍, കുട്ടന്പുഴ, തുണ്ടം, നേര്യമംഗലം, മുള്ളരിങ്ങാട് വനമേഖലകളില്‍ കാട്ടാനകളുടെ കണക്കെടുപ്പ് ആരംഭിച്ചു. കേരളം, തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ സംയുക്തമായാണ് കണക്കെടുപ്പ് നടത്തുന്നത്. മൂന്നു ദിവസത്തെ കണക്കെടുപ്പ് എല്ലാ സംസ്ഥാനങ്ങളിലും ഒരേസമയം നടന്നുവരികയാണ്. നാളെയാണ് സമാപിക്കുന്നത്. അന്താരാഷ്ട്ര മാനദണ്ഡങ്ങളാണ് സെന്‍സസിനായി സ്വീകരിച്ചിട്ടുള്ളത്. ഓരോ ദിവസവും ഓരോ തത്വങ്ങളാണ് അടിസ്ഥാനമാക്കുന്നത്. പരിശീലനം ലഭിച്ച വനപാലകരും ഉദ്യോഗസ്ഥരുമാണ് സര്‍വേയ്ക്കാക്കായി നിയോഗിക്കപ്പെട്ടിട്ടുള്ളതെന്ന് തട്ടേക്കാട് റെയിഞ്ച് ഓഫീസര്‍ സി.റ്റി. ഔസേഫ് പറഞ്ഞു. വനങ്ങളെ ബ്ലോക്കുകളായി തിരിച്ചിട്ടുണ്ട്. ഓരോ ബ്ലോക്കിലും നിശ്ചിത എണ്ണം ഉദ്യോഗസ്ഥര്‍ കണക്കെടുപ്പില്‍ പങ്കെടുക്കും.
കോതമംഗലം, തട്ടേക്കാട്, ഇടമലയാര്‍, കുട്ടന്പുഴ, തുണ്ടം, നേര്യമംഗലം, മുള്ളരിങ്ങാട് തുടങ്ങി എല്ലാ ഫോറസ്റ്റ് റെയിഞ്ചുകളുടെ പരിധിയിലും സര്‍വേ പുരോഗമിക്കുകയാണ്. കണക്കെടുപ്പില്‍ ലഭിക്കുന്ന വിവരങ്ങള്‍ വിശകലനം ചെയ്ത് കാട്ടാനകളുടെ എണ്ണം കണ്ടെത്തും. അടുത്ത മാസം 23ന് കരട് റിപ്പോര്‍ട്ടും ജൂലൈ ഒന്‍പതിന് അന്തിമ റിപ്പോര്‍ട്ടും നല്‍കാനാണ് തീരുമാനം. കേരളത്തില്‍ ഇതിന് മുന്പ് 2022ലാണ് കാട്ടാനകളുടെ സെന്‍സസ് നടത്തിയത്. അന്നത്തെ കണക്കെടുപ്പില്‍ പുറത്തുവന്ന കാട്ടാനകളുടെ കണക്ക് യഥാര്‍ഥമല്ലെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. ആനകളെ എണ്ണം വളരെ കുറച്ചുകാണിച്ചുവെന്നായിരുന്നു ആക്ഷേപം. റെയ്ഞ്ച്തലത്തിലുളള കണക്ക് പുറത്തുവിട്ടിരുന്നുമില്ല.