കോതമംഗലം :സംസ്ഥാന സർക്കാർ അനുവദിച്ച 1 കോടി 51 ലക്ഷം രൂപ ചിലവഴിച്ച് കുറ്റിലഞ്ഞി ഗവ യു പി സ്കൂളിനായി നിർമ്മിക്കുന്ന ഹൈടെക് സ്കൂൾ മന്ദിരത്തിന്റെ നിർമ്മാണം സെപ്റ്റംബർ 10 ന് ആരംഭിക്കുമെന്ന് ആന്റണി ജോൺ എം എൽ എ അറിയിച്ചു. 72 വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള വിദ്യാലയമാണ് കുറ്റിലഞ്ഞി ഗവ യു പി സ്കൂൾ .എൽ കെ ജി മുതൽ ഏഴാം ക്ലാസ്സ് വരെ ഏകദേശം 700 ഓളം കുട്ടികൾ ഈ സ്കൂളിൽ പഠിക്കുന്നുണ്ട്. അധ്യാപകരും അനധ്യാപകരുമായി 30 ഓളം പേരും ഉണ്ട്.
കോതമംഗലം വിദ്യാഭ്യാസ ഉപജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന സർക്കാർ യു പി സ്കൂളും,പാഠ്യപാഠ്യേതര രംഗങ്ങളിൽ ഒരേ പോലെ മികവ് പുലർത്തുന്ന സ്കൂളുമാണ് കുറ്റിലഞ്ഞി ഗവ യു പി സ്കൂൾ .പ്രസ്തുത സ്കൂളിന് ഒരു പുതിയ മന്ദിരം അനുവദിക്കണമെന്നുള്ളത് ദീർഘകാലമായുള്ള കുട്ടികളുടേയും,രക്ഷിതാക്കളുടേയും,പ്രദേശവാസികളുടേയും ആവശ്യമായിരുന്നു. ഈ ആവശ്യമാണ് ഇപ്പോൾ സാക്ഷാത്കരിക്കുന്നത് . കുറ്റിലഞ്ഞി സ്കൂളിന്റെ ഇതുവരെയുള്ള ചരിത്രത്തിലെ ഏറ്റവും വലിയ വികസന പ്രവർത്തനങ്ങളിലൊന്നാണിപ്പോൾ സാധ്യമായിട്ടുള്ളതെന്നും, നിർമ്മാണ പ്രവർത്തനം സമയ ബന്ധിതമായി പൂർത്തീകരിക്കുമെന്നും എം എൽ എ പറഞ്ഞു.