കോതമംഗലം :ബംഗ്ലാ കടവ് പാലം നിർമ്മാണം പൊതുമരാമത്ത് വകുപ്പ് നൽകിയ അപേക്ഷ കേന്ദ്രസർക്കാർ നിരസിച്ചതായി മന്ത്രി എ കെ ശശീന്ദ്രൻ നിയമസഭയിൽ അറിയിച്ചു. വടാട്ടുപാറ പ്രദേശത്തെ പഞ്ചായത്ത് ആസ്ഥാനമായ കുട്ടമ്പുഴയുമായി ബന്ധിപ്പിക്കുന്ന ബംഗ്ലാ കടവ് പാലത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട ആന്റണി ജോൺ എംഎൽഎയുടെ ചോദ്യത്തിന് മറുപടിയായിട്ടാണ് മന്ത്രി നിയമ സഭയിൽ ഇക്കാര്യം വ്യക്തമാക്കിയത്.എറണാകുളം ജില്ലയിലെ കുട്ടമ്പുഴ പഞ്ചായത്തിലെ ബംഗ്ലാവുകടവ് പാലത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി ആവശ്യമായി വരാവുന്ന വനഭൂമിയുടെ അളവ് നിശ്ചയിക്കുന്നതിനായുള്ള സര്‍വ്വെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അനുമതി ലഭ്യമാക്കുന്നതിനായി യൂസര്‍ ഏജന്‍സിയായ പൊതുമരാമത്ത് വകുപ്പ് പരിവേഷ് പോര്‍ട്ടലില്‍ FP/KL/SRY/437664/2023 നമ്പരായി അപേക്ഷ സമര്‍പ്പിച്ചിരുന്നു.
ടി അപേക്ഷ പരിശോധിച്ചതില്‍, പ്രസ്തുത പാലം നിര്‍മ്മിക്കുന്നത്, ആ പ്രദേശത്തെ വന്യമൃഗ സമ്പത്തിനെയും വനസമ്പത്തിനെയും പ്രതികൂലമായി ബാധിക്കുമെന്നതിനാലും കൂടുതല്‍ ആളുകള്‍ക്ക് എളുപ്പത്തില്‍ വനത്തില്‍ എത്തിച്ചേരാനും പുല്ല്, വിറക് ശേഖരണം, വേട്ടയാടല്‍ തുടങ്ങിയ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് കാരണമാകുമെന്നതിനാലും ഭൂതത്താന്‍കെട്ട് മുതല്‍ കുട്ടമ്പുഴ വരെ ഗതാഗത യോഗ്യമായ റോഡ് നിലവിലുള്ളതിനാലും മേല്‍ അപേക്ഷ ശുപാര്‍ശ ചെയ്തിട്ടില്ലാത്തതാണ്. ആയതിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ടി അപേക്ഷ 20.02.2024 ന് നിരസിക്കുകയുണ്ടായതായി മന്ത്രി എ കെ ശശീന്ദ്രൻ നിയമസഭയിൽ അറിയിച്ചു.