കോതമംഗലം :കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ മാതിരപ്പിള്ളി ഒന്നാംമൈലിനു സമീപം ഓടിക്കൊണ്ടിരുന്ന ബസിനു മുന്നിൽ തെങ്ങുവീണു. നിറയെ യാത്രക്കാരുമായി പോയ സ്റ്റാർ(അബിൽ മോൻ )എന്ന സ്വകാര്യ ബസ് അപകടത്തിൽ നിന്നു കഷ്ടിച്ചു രക്ഷപ്പെട്ടു.നല്ല മഴയത്താണു സംഭവം.
കോതമംഗലത്തു നിന്നു മൂവാറ്റുപുഴയ്ക്കു പോയ ബസിനു മുൻപിലേക്കു സമീപത്തെ പുരയിടത്തിലെ തെങ്ങ് കടപുഴകി വീഴുകയായിരുന്നു.
ഡ്രൈവർ പെട്ടന്ന് തന്നെ സഡൻ ബ്രേക്കിട്ടതിനാൽ തെങ്ങ് ബസിന്റെ മുൻപിലുരസി റോഡിനു കുറുകെ വീണു. മുൻഭാഗത്തിരുന്ന സ്ത്രീ തെറിച്ചുവീണു ചെറിയ പരുക്കേറ്റു. തെങ്ങ് പതിച്ചു വൈദ്യുത ലൈൻ പൊട്ടി പ്രദേശത്തു വൈദ്യുതി മുടങ്ങി. നാട്ടുകാരും ബസ് ജീവനക്കാരും ചേർന്നു തെങ്ങ് നീക്കി ഗതാഗതം പുനഃ സ്‌ഥാപിച്ചു.
