കോതമംഗലം: ചേലാട് റോഡിൻ്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടു കേരള കോൺഗ്രസ് മുനിസിപ്പൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ്ണ നടത്തി. പ്രകടനവുമായി എത്തിയ പ്രവർത്തകർ മലയൻകീഴ് ജംഗ്ഷനിൽ രൂപപ്പെട്ട കുഴിയിൽ റീത്ത് വച്ചു പ്രതിഷേധിച്ചു. യുഡിഎഫ് ജില്ലാ കൺവീനറും കേരള കോൺഗ്രസ് ജില്ലാ പ്രസിഡൻ്റുമായ ഷിബു തെക്കുംപുറം ധർണ്ണ ഉദ്ഘാടനം ചെയ്തു.
മൂന്നു പഞ്ചായത്തുകളെ കോതമംഗലം ടൗണുമായി ബന്ധിപ്പിക്കുന്ന പ്രധാന റോഡ് തകർന്നു തരിപ്പണമായ നിലയിലാണ്. ഭൂതത്താൻകെട്ട്, തട്ടേക്കാട് പക്ഷിസങ്കേതം, ഇടമലയാർ തുടങ്ങിയ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള ടൂറിസ്റ്റുകൾ ഇതുവഴിയാണ് കടന്നു പോകുന്നത്.
വെള്ളം മൂടിയ കുഴികളിൽ ചാടി അപകടത്തിൽ പെടുന്നതിൽ ഏറിയ പങ്കും റോഡ് പരിചയമില്ലാത്ത ടൂറിസ്റ്റുകളാണ്.
രണ്ടര വർഷം മുൻപ് ഈ റോഡ് ബിഎംബസി നിലവാരത്തിൽ ടാർ ചെയ്യാൻ 4 കോടി രൂപ നീക്കിവച്ചിരുന്നു. ഇതിൻ്റെ തുടർ നടപടികൾ പൂർത്തിയാക്കാതെ തന്നെ എംഎൽഎയുടെ നേതൃത്വത്തിൽ നിർമ്മാണോദ്ഘാടനവും നടത്തി. എന്നാൽ നാളിതുവരെ റോഡ് പണി ആരംഭിക്കാൻ കഴിഞ്ഞിട്ടില്ല. കോതമംഗലത്തെ ജനങ്ങളോട് എൽഡിഎഫ് സർക്കാരും എംഎൽഎയും വജ്ഞനയാണ് ചെയ്തതെന്ന് ഷിബു തെക്കുംപുറം ആരോപിച്ചു.
മണ്ഡലം പ്രസിഡൻ്റ് ജോർജ് അമ്പാട്ട് അധ്യക്ഷത വഹിച്ചു. എ.ടി.പൗലോസ്, ജോമി തെക്കേക്കര, കെന്നഡി പീറ്റർ, സി.കെ.സത്യൻ, ജോസ് അരഞ്ഞാണിയിൽ, ജോണി പുളിന്തടം, തോമസ് തെക്കേക്കര, എൽദോസ് വർഗീസ്, ലിസി പോൾ, റിൻസ് റോയ്, വൽസ ജോർജ്, ജോജി സ്ക്കറിയ, ജോസ് കൈതക്കൽ, എ.വി. ജോണി, ജോണി കല്ലാടിക്കൻ, ജോസ് കവളമായ്ക്കൽ, ബി.കേശവദാസ്, എ.ടി. ജോസ് എന്നിവർ പ്രസംഗിച്ചു.