കോതമംഗലം :പാർടി പറഞ്ഞു ,ചന്ദ്രബോസ് അനുസരിച്ചു, ഒരേക്കർ കൃഷിയിടത്തിൽ പച്ചക്കറികളുടെ വൻ വസന്തം.
സഖാക്കൾ ജൈവകൃഷി നടത്തണമെന്ന സിപിഐ എം നേതൃത്വത്തിന്റെ ആഹ്വാനം അതേപടി ഏറ്റെടുത്ത് വൈവിധ്യമാർന്ന ജൈവ കൃഷിയിൽ വീരഗാഥ രചിക്കുകയാണ് ഈ കർഷകൻ. എല്ലാ പച്ചക്കറി ഇനങ്ങളും നെല്ലിക്കുഴിയിലെ വീടിനോട് ചേർന്ന കൃഷിയിടത്തിൽ കാണാം.പയറും, പാവലും പടവലവും, മുളകും, കോളിഫ്ളവും കാബേജും മത്തനും, കുമ്പളവും, തുടങ്ങിയ 15 ഓളം വരുന്ന എല്ലാ ഇനം പച്ചക്കറികളും ഇവിടെ സുലഭമായി വളരുന്നു.
പണിക്കാരെ കൂട്ടാതെ, കീടനാശിനികൾ ഒഴിവാക്കി സ്വന്തമായി കൃഷി ചെയ്ത് ശുദ്ധമായ പച്ചക്കറി ഉത്പാദനത്തിൽ മാതൃകയാകുകയാണ് ഈ കർഷകൻ. കെ ജി ചന്ദ്ര ബോസ് ഡിവൈഎഫ്ഐ യുടെ മുൻ ജില്ലാ ജോയിൻ്റ് സെക്രട്ടറിയും സി പി ഐ എമ്മിന്റെ കോതമംഗലം ഏരിയ കമ്മിറ്റി അംഗവുമാണ്.
കൃഷിത്തോട്ടത്തിലെ വിളവെടുപ്പ് ഉത്സവം കർഷക സംഘം സംസ്ഥാന ട്രഷററും ,കേരള ബാങ്ക് ചെയർമാനുമായ ഗോപി കോട്ടമുറിക്കൽ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം എം എ മുഹമ്മദ്, പഞ്ചായത്തംഗം ടി എം അബ്ദുൾ അസീസ്, സിപിഐ ഏരിയ കമ്മിറ്റി അംഗങ്ങളായ സഹിർ കോട്ടപ്പറമ്പിൽ , കെ പി ജയകുമാർ തുടങ്ങിയവർ പങ്കെടുത്തു.