കോതമംഗലം : വാരപ്പെട്ടി സർവീസ് സഹകരണ ബാങ്കിന് ദേശീയ അവാർഡ് ലഭിച്ചു. ബാങ്കിങ് സേവനങ്ങൾക്ക് പുറമേ ബാങ്കിങ് ഇതര പ്രവർത്തനങ്ങൾക്കും കാർഷിക മേഖലയിൽ നടത്തിയ മൂല്യവർദ്ധന ഉൽപ്പന്നങ്ങൾ ഉണ്ടാക്കി കയറ്റുമതി ചെയ്യുന്നതിനുമാണ് കേന്ദ്രഗവൺമെന്റിന്റെ എക്സലൻസി പുരസ്കാരം ലഭിച്ചത്. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ സഹകരണ വകുപ്പ് മന്ത്രി V N വാസവനിൽ നിന്നും ബാങ്ക് പ്രസിഡൻറ് MG രാമകൃഷ്ണൻ, സെക്രട്ടറി TR സുനിൽ, ബോർഡ് മെമ്പർമാരായ ഷിബു വർഗീസ്, ഹരിഹരൻ CC, Adv ബിജു കുമാർ എന്നിവർ ചേർന്ന് അവാർഡ് ഏറ്റുവാങ്ങി. ചടങ്ങിൽ ഗവൺമെന്റ് സെക്രട്ടറി മിനി ആൻറണി IAS അദ്ധ്യക്ഷയായി. കേരളാ ബാങ്ക് ചെയർമാൻ ഗോപി കോട്ടമുറിക്കൽ, സംസ്ഥാന സഹകരണ യൂണിയൻ ചെയർമാൻ കോലിയക്കോട് കൃഷ്ണൻ നായർ, മിൽമാ സംസ്ഥാന ചെയർമാൻ കെ എസ് മാണി, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ ഓപ്പറേറ്റീവ് മാനേജ്മെന്റ് ഡയറക്ടർ R K മേനോൻ, NCDC റീജിണൽ ഡയറക്ടർ S K റഹ്മാൻ എന്നിവർ സംസാരിച്ചു. നാഷണൽ കോ- ഓപ്പറേറ്റീവ് ഡവലപ്പ്മെന്റ് കോർപ്പറേഷൻ ആണ് അവാർഡ് ജേതാക്കളെ തെരഞ്ഞെടുത്തത്.
ബാങ്കിംഗ് രംഗത്ത് കേരളാ ബാങ്ക് സഹകരണത്തോടെ ATM, ക്ഷീര കർഷകർക്ക് ഗുണമേൻമയുള്ള കാലിത്തീറ്റ ലഭ്യമാക്കുന്നതിന് കേരളാ ഫീഡ്‌സ് ഏജൻസി, കാർഷിക ഉപകരണ സ്റ്റോർ, കാർഷീക വിപണി ഇങ്ങനെ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ ബാങ്ക് ഏറ്റെടുത്തിട്ടുണ്ട്. ഫീഡ്സ് ഏജൻസി, ഫിഷ് സ്റ്റാൾ, മെഡിക്കൽ ലാബ്, സിമൻറ് വ്യാപാരം തുടങ്ങി വൈവിധ്യങ്ങളായ പ്രവർത്തനങ്ങൾ ബാങ്ക് നടത്തിവരുന്നു. ബാങ്ക് ഉല്പാദിപ്പിക്കുന്ന അഗ് മാർക് വെളിച്ചെണ്ണ ,ഉണക്കിയ ഏത്തപ്പഴം, ഉണക്കിയെടുത്ത കപ്പ, ഉണക്കിയ ചക്ക തുടങ്ങിയ ഉല്പന്നങ്ങൾ യൂ.എസ്, ന്യൂസിലാൻറ്, ആസ്ത്രേലിയ എന്നീ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്ത് വരുന്നു. കൃഷി വകുപ്പുമായി സഹകരിച്ചു മറ്റ് സമീപ പഞ്ചായത്തുകളിൽ നിന്നും കാർഷിക ഉൽപ്പന്നങ്ങൾ ശേഖരിച്ചു കൊണ്ടാണ് വാരപ്പെട്ടി ബാങ്ക് മൂല്യവർദ്ധിത വസ്തുക്കൾ ഉണ്ടാക്കി കയറ്റുമതി ചെയ്യുന്നതെന്ന് ബാങ്ക് പ്രിസിഡന്റ് MG രാമകൃഷ്ണൻ പറഞ്ഞു.