കോതമംഗലം: ഇഞ്ചത്തൊട്ടി തൂക്കുപാലത്തിന്റെ കവാടത്തില്‍ കാട്ടാനശല്യം രൂക്ഷമായ സാഹചര്യത്തില്‍, യാത്രക്കാരുടെയും വിനോദസഞ്ചാരികളുടെയും സുരക്ഷ ഉറപ്പാക്കാന്‍ അടിയന്തരമായി ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു. സന്ധ്യാസമയത്തും രാത്രിയിലും നിരവധി ആളുകള്‍ എത്തുന്ന ഈ ഭാഗത്ത് തെരുവുവിളക്കുകള്‍ ഇല്ലാത്തത് വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നത്. ഇഞ്ചത്തൊട്ടിയില്‍ തൂക്കുപാലം കടക്കാനെത്തുന്ന നാട്ടുകാരും പാലം സന്ദര്‍ശിക്കാനെത്തുന്ന വിനോദസഞ്ചാരികളും ഉള്‍പ്പെടെയെത്തുന്ന തിരക്കുള്ളഭാഗമാണ് ഇവിടം.
രാത്രിയിലും ആളുകളുണ്ടാകും. എന്നാല്‍ പാലത്തിന് സമീപം വെളിച്ചമില്ലാത്തത് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്.സമീപകാലത്ത് ഈ ഭാഗത്തുകൂടി കാട്ടാനകള്‍ കടന്നുപോകുന്നതായും കണ്ടെത്തിയിട്ടുണ്ട്. മറുകരയില്‍നിന്ന് പെരിയാര്‍കടന്നെത്തുന്ന ആനകള്‍ പാലത്തിന് സമീപത്തുകൂടിയാണ് കടന്നുപോകുന്നത്.
കഴിഞ്ഞദിവസം ആന കടന്നുപോകുന്നതിന്റെ ദൃശ്യവും ലഭിച്ചിരുന്നു. വെളിച്ചമില്ലാത്തതിനാല്‍ ആനയുടെ സാന്നിധ്യം ആളുകള്‍ക്ക് മനസിലാക്കാന്‍ കഴിയില്ലെന്നത് ഗൗരവമായ പ്രശ്‌നമാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇവിടെ സോളാര്‍ സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന ലൈറ്റ് സ്ഥാപിച്ചിരുന്നു. പിന്നീട് അത് പ്രവര്‍ത്തനരഹിതമായി. ലൈറ്റ് നവീകരിക്കുന്നതിനോ, പുതിവ സ്ഥാപിക്കുന്നതിനോ നടപടി ഉണ്ടായിട്ടില്ല.























































