കോതമംഗലം :പൊതുജനങ്ങളുടെ പരാതികൾ വേഗത്തിലും കാര്യക്ഷമതയോടെയും പരിഹരിക്കുന്നതിന് സംസ്ഥാന സർക്കാർ ഒരുക്കിയിട്ടുള്ള ” കരുതലും കൈത്താങ്ങും” കോതമംഗലം താലൂക്ക് തല അദാലത്തിന്റ ഒരുക്കങ്ങൾ പൂർത്തിയായതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു. നാളെ രാവിലെ 10 മണി മുതൽ ചെറിയപള്ളി സെന്റ് തോമസ് ഹാളിൽ വച്ചാണ് അദാലത്ത് സംഘടിപ്പിച്ചിട്ടുള്ളത്. മന്ത്രിമാരായ പി രാജീവ്, വീണ ജോർജ് എന്നിവരാണ് അദാലത്തിന് നേതൃത്വം നൽകുന്നത്.ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ് ഐ എ എസ്,വിവിധ വകുപ്പ് മേധാവികൾ,മറ്റ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും.
വിവിധ വകുപ്പുകളിലായി 320 ഓളം പരാതികളാണ് ഇതുവരെ ലഭിച്ചിട്ടുള്ളതെന്നും നിലവിൽ പരാതി നൽകാൻ സാധിക്കാത്തവർക്ക് നാളെ അദാലത്തിൽ എത്തി നേരിട്ട് പരാതികൾ നൽകുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും ആന്റണി ജോൺ എം എൽ എ പറഞ്ഞു. എം എൽ എ യുടെ നേതൃത്വത്തിൽ അദാലത്തിന്റെ ഒരുക്കങ്ങൾ വിലയിരുത്തി,തഹസിൽ ദാർ മായ എം , ഹെഡ് ക്വാർട്ടേഴ്സ് ഡെപ്യൂട്ടി തഹസീൽദാർ കെ എം സുബൈർ,ഡെപ്യൂട്ടി തഹസീൽ ദാർമാരായ ഇന്ദിര കെ എൽ,ബ്ലെസ്സി പി അഗസ്റ്റിൻ, സനീഷ്, അഫ്സൽ മുഹമ്മദ് എന്നിവരും എം എൽ എ യോടൊപ്പം ഉണ്ടായിരുന്നു.