കോതമംഗലം : നാടൻ വാറ്റിനെ കാനഡയിൽ മന്ദാകിനിയെന്ന പേരിൽ പ്രിമിയം ബ്രാൻഡക്കി ഹിറ്റാക്കിയ മലയാളികളെ തേടി സമൂഹ മാധ്യമങ്ങൾ അലയുകയായിരുന്നു ഏതാനും മാസങ്ങളായി. സ്വന്തം നാട്ടിൽ വാറ്റിന് ചീത്തപ്പേരാണെങ്കിലും നമ്മുടെ ഈ ‘നാടൻ വാറ്റ്’ കടൽ കടന്ന് അങ്ങ് സായിപ്പിന്റെ നാട്ടിൽ നല്ലപേരുണ്ടാക്കി. കേരളത്തിൽ മൂലവെട്ടി, മണവാട്ടി എന്നൊക്കെ കളിയായി വിളിച്ചപോലെയല്ല ഇത്. ‘മന്ദാകിനി– മലബാർ വാറ്റ്’ എന്ന സ്റ്റൈലൻ പേരാണ് കാനഡയിൽ വാറ്റിന് ലഭിച്ചിരിക്കുന്നത്. കാനഡയിൽ സ്ഥിരതാമസമാക്കിയ കോതമംഗലം ചേലാട് സ്വദേശികളായ അബിഷ് ചെറിയാൻ സഹോദരൻ ഏലിയാസ് ചെറിയാൻ ചെമ്മനം, മൂവാറ്റുപുഴ സ്വദേശി സരിൻ കുഞ്ഞപ്പൻ എന്നിവരാണ്ഈ വ്യത്യസ്തമായ ആശയത്തിനു പിന്നിൽ.
കേരളത്തിലെ വാറ്റുകാരുടെ നാടൻ വിദ്യകൾ ശേഖരിച്ച് വേണ്ട മാറ്റങ്ങൾ വരുത്തി ഗുണമേന്മ ഉറപ്പാക്കിയാണ് കാനഡയിലെ ഒന്റാറിയോ പ്രവിശ്യയിൽ സർക്കാർ അനുമതിയോടെ മന്ദാകിനി ബ്രാൻഡ് വിപണിയിലിറക്കിയത്. ക്യൂബ, ജമൈക്ക തുടങ്ങി വിവിധ രാജ്യങ്ങളിലെ നാടൻ മദ്യം രാജ്യാന്തര വിപണികളിൽ വിറ്റഴിക്കുന്നത് കണ്ടാണ് എന്തുകൊണ്ട് നാടൻ വാറ്റിനെ മാർക്കറ്റ് ചെയ്തുകൂടാ എന്ന് ഇവർ ചിന്തിച്ചത്. നാലു വർഷം കൃത്യമായ പഠനം നടത്തി കാനഡ സർക്കാരിന്റെ അനുമതികളെല്ലാം വാങ്ങിശേഷമാണ് മദ്യനിർമാണം ആരംഭിച്ചത്.
ഇവർ നൽകുന്ന റെസിപ്പി അനുസരിച്ചുള്ള മദ്യം പുറത്തുള്ള ഡിസ്റ്റിലറിയാണ് നിർമിച്ചു നൽകുന്നത്. 46 ശതമാനമാണ് മന്ദാകിനിയിൽ അടങ്ങിയിരിക്കുന്ന ആൽക്കഹോളിന്റെ അളവ്. കുപ്പിയിൽ ‘നാടൻ വാറ്റ്’ എന്ന് മലയാളത്തിൽ ചേർത്തിട്ടുണ്ട്. പുറമേ ഹിന്ദി, തെലുങ്ക്, തമിഴ്, ഗുജറാത്തി ഭാഷകളിലെ നാടൻ വിളിപ്പേരുകളും പ്രിന്റ് ചെയ്തിട്ടുണ്ട്. വിൽപന കേന്ദ്രങ്ങൾക്കുപുറമേ ഡിസ്റ്റിലറിയിൽ നിന്നു നേരിട്ടും മദ്യം വാങ്ങാൻ കഴിയും. മന്ദാകിനി കാനഡയ്ക്കു പുറമേ അമേരിക്കയിലെയും, യുകെയിലെയും മലയാളികൾക്കിടയിൽ ഹിറ്റായിക്കഴിഞ്ഞു.
നാടൻ വാറ്റിനെ കാനഡയിൽ മന്ദാകിനിയെന്ന പേരിൽ പ്രീമിയം ബ്രാൻഡാക്കി വിപണനം ചെയ്ത കോതമംഗലം സഹോദരന്മാരേയും മൂവാറ്റുപുഴക്കാരനേയും കണ്ടെത്താനുള്ള തീവ്രശ്രമത്തിലായിരുന്നു സമൂഹമാധ്യമങ്ങള്‍. മന്ദാകിനിയുടെ അമരക്കാരനായ അബീഷ് ചെറിയാന്‍, സഹോദരനായ ഏലിയാസ് ചെറിയാന്‍ സുഹൃത്തായ സരീഷ് കുഞ്ഞപ്പന്‍ ഇതോടെ സമൂഹ മാധ്യമങ്ങളിൽ തരംഗമാകുകയാണ്.