കോതമംഗലം : ബഫർ സോൺ വിഷയത്തിൽ രാഷ്ട്രീയ പാർട്ടികളുടെ വഞ്ചന നിറഞ്ഞ നിലപാട് അവസാനിപ്പിക്കണം എന്ന് കത്തോലിക്ക കോൺഗ്രസ് കോതമംഗലം ഫൊറോന സമിതി ആവശ്യപ്പെട്ടു. ജനദ്രോഹപരമായ തീരുമാനം പിൻവലിക്കുന്നതിന് വേണ്ടി ആത്മാർത്ഥമായ പരിശ്രമം രാഷ്ട്രീയപാർട്ടികളുടെയോ സർക്കാരിന്റെയോ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല എന്നുള്ളത് ഉത്കണ്ഠാകുലം ആണ്. നാട്ടിലെ പ്രമുഖ രാഷ്ട്രീയപാർട്ടികൾ ആണ് ഇങ്ങനെയുള്ള കർഷക ദ്രോഹ നിയമങ്ങൾ നടപ്പാ ക്കുന്നതിനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ തുടങ്ങിയത്. ജനങ്ങളെ വഞ്ചിച്ചും വിശ്വാസത്തിൽ എടുക്കാതെയും ഗൂഡമായി നിയമങ്ങൾ കൊണ്ടുവരികയും അത് നടപ്പാക്കാനും ശ്രമിക്കുന്ന പ്രവണത ജനാധിപത്യ സമൂഹത്തിൽ അംഗീകരിക്കാൻ ആകില്ല.പരിസ്ഥിതി ലോല പ്രദേശങ്ങളുമായി ബന്ധപ്പെട്ട നടപടികളിലും ബഫർസോണും ആയി ബന്ധപ്പെട്ട കാര്യങ്ങളിലും രാഷ്ട്രീയപാർട്ടികളുടെ ഒളിച്ചുകളി വളരെ വ്യക്തമാണ്.
കർഷകർക്ക് അനുകൂലമായ തീരുമാനം എടുക്കുവാനോ നടപടികൾ കൈക്കൊള്ളുവാനോ നിയമപരമായ മാർഗങ്ങൾ അവലംബിക്കുവാനോ രാഷ്ട്രീയ പാർട്ടികൾ തയ്യാറാകാത്തത്തിൽ യോഗം ഉത്കണ്ട രേഖപ്പെടുത്തി. നിയമം നിർമ്മിക്കുവാനുള്ള സാഹചര്യങ്ങൾ പോലും ഉപയോഗിക്കാതെ രാഷ്ട്രീയ പാർട്ടികൾ ഒളിച്ചുകളി തുടരുകയാണ്. കർഷകരോട് ഒപ്പമാണ് എന്ന് വരുത്തി തീർക്കുകയും എന്നാൽ കാർബൺ ഫണ്ട് ഉൾപ്പെടെ ഉള്ളവയുടെ ആനുകൂല്യം പറ്റുന്നതിനുവേണ്ടി കർഷകരെ പിന്നിൽ നിന്ന് കുത്തുകയും ചെയ്യുന്നനെറികേടാണ് ഇക്കാര്യത്തിൽ പലരും സ്വീകരിക്കുന്നത്..നിയമസഭയിലെ ഭരണപക്ഷത്തിന്റെയും പ്രതിപക്ഷത്തിന്റെയും പ്രതികരണങ്ങൾ ആത്മാർത്ഥതയില്ലാത്തതാണെന്നും യോഗം കുറ്റപ്പെടുത്തി. വിഷയത്തിൽ കർഷകർക്കും പൊതുജനങ്ങൾക്കും അനുകൂലമായ തീരുമാനം ഉണ്ടാകാത്തപക്ഷം. ശക്തമായ സമരപരിപാടികളുമായി കത്തോലിക്കാ കോൺഗ്രസും രംഗത്തിറങ്ങും .
കത്തോലിക്ക കോൺഗ്രസ് കോതമംഗലം ഫൊറോന പ്രസിഡന്റ് സണ്ണി കടൂത്താഴെ അധ്യക്ഷത വഹിച്ചു. രൂപത ഡയറക്ടർ ഫാ. തോമസ് ചെറുപറമ്പിൽ സമ്മേളനം ഉത്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ഷൈജു ഇഞ്ചക്കൽ,ട്രഷറർ ജിജി പുളിക്കൽ,രൂപത പ്രസിഡന്റ് ജോസ് പുതിയേടം, ജോയി പോൾ, അഡ്വ. യു വി ചാക്കോ, എന്നിവർ പ്രസംഗിച്ചു ബഫർ സോൺ വിഷയത്തിൽ ഇൻഫാം രൂപതാ ഡയറക്ടർ ഫാ. റോബിൻ പടിഞ്ഞാറെക്കൂറ്റ് ക്ലാസ്സ് നയിച്ചു.
ബേബിച്ചൻ നിധീരിക്കൽ, പ്രൊഫ. ജോർജ് കുര്യാക്കോസ്,ആന്റണി പാലക്കുഴി,ബിജു വെട്ടിക്കുഴ,പയസ്സ് തെക്കേകുന്നേൽ, ജോർജ് അമ്പാട്ട്,പയസ് ഓലിയപ്പുറം, സീന മുണ്ടക്കൽ, തോമസ് മലേക്കൂടികുടി,ജോൺസൺ പീച്ചാട്ട് എന്നിവർ നേതൃത്വ നൽകി.