കോതമംഗലം: ഷാരോണ്‍ കൊലക്കേസ് മാതൃകയില്‍ ആണ്‍സുഹൃത്ത് അന്‍സിലിനെ കൊലപ്പെടുത്താന്‍ മാലിപ്പാറ സ്വദേശി അഥീന ശീതളപാനിയത്തില്‍ കലര്‍ത്താന്‍ കളനാശിനി വാങ്ങിയത് രണ്ട്മാസം മുമ്പ്. റിമാന്‍ഡിലായിരുന്ന അഥീനയെ കസ്റ്റഡിയില്‍ വാങ്ങി നടത്തിയ തെളിവെടുപ്പിലാണ് കൊലപാതകം ആസൂത്രിതമെന്നതിന് ശക്തമായ തെളിവുകള്‍ പോലീസ് ലഭിച്ചത്. കളനാശിനി വാങ്ങിയ കോതമംഗലം ടൗണിലെ വ്യാപാര സ്ഥാപനത്തില്‍ അഥീനയുമായി നടത്തിയ തെളിവെടുപ്പില്‍ കടയിലെ ജീവനക്കാര്‍ യുവതിയെ തിരിച്ചറിഞ്ഞു. ഗൂഗിള്‍ പേ വഴി പണം കൈമാറിയതിന്റെ രേഖകളും ലഭിച്ചു. മേയില്‍ വാങ്ങിയ ‘പരാക്വിറ്റ്’ കളനാശിനി രണ്ട് മാസത്തോളം വീട്ടില്‍ സൂക്ഷിച്ചാണ് ജൂലായ് 30ന് വെളുപ്പിന് ശീതളപാനീയത്തില്‍ കലര്‍ത്തി അന്‍സിലിന് നല്‍കിയത്.മൂന്ന് ദിവസത്തേക്കാണ് അഥീനയെ പോലീസിന്റെ കസ്റ്റഡിയില്‍ വിട്ടത്. മാലിപ്പാറയിലെ വീട്ടിലും കൊലപാതകവുമായി ബന്ധമുണ്ടെന്ന് കരുതുന്ന സ്ഥലങ്ങളിലും പ്രതിയുമായി തെളിവെടുപ്പ് നടത്തും.
ചോദ്യം ചെയ്യലില്‍ കൊലപാതകത്തെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പോലീസ്. അന്‍സിലിനെ കൊലപ്പെടുത്താനുള്ള കാരണം, ആസൂത്രണം, വിഷം കുടിപ്പിച്ച രീതി, മറ്റാരുടെയെങ്കിലും സഹായം ലഭിച്ചോ എന്നിവയില്‍ വ്യക്തത വരുത്തും.അഥീന വീട്ടില്‍ ഒളിപ്പിച്ചതായി കരുതുന്ന സിസിടിവി ക്യാമറയുടെ ഡിവിആര്‍ തെളിവെടുപ്പില്‍ കണ്ടെടുക്കേണ്ടതുണ്ട്. അഥീനയുടെയും അന്‍സിലിന്റെയും സുഹൃത്തുക്കള്‍, ബന്ധുക്കള്‍, പ്രതിയുമായി ബന്ധം പുലര്‍ത്തിയവര്‍ എന്നിവരില്‍ നിന്ന് നേരത്തെ മൊഴിയെടുത്തിരുന്നു. കൊലപാതകവുമായി ബന്ധപ്പെടുത്താവുന്ന സൂചനകള്‍ ഈ മൊഴികളിലുണ്ടെന്നാണ് വിവരം. ഇതിന്റെകൂടി അടിസ്ഥാനത്തിലാകും ചോദ്യം ചെയ്യല്‍. ഇന്‍സ്പെക്ടര്‍ പി.ടി ബിജോയിയുടെ നേതൃത്വത്തിലാണ് തുടരന്വേഷണം.കഴിഞ്ഞ 30നാണ് അന്‍സിലിന് വിഷം കൊടുത്തത്. രാത്രി വീട്ടിലേക്ക് വിളിച്ചുവരുത്തിയ ശേഷമായിരുന്നു ഇത്. ആശുപത്രിയില്‍ ചികിത്സയിലിരിക്കെ അന്‍സില്‍ മരിച്ചു. അന്‍സില്‍ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചെന്നായിരുന്നു അഥീന ആദ്യം പറഞ്ഞത്.
