കോതമംഗലം: കേന്ദ്ര ഫണ്ട് ഉപയോഗിച്ച് നവീകരിക്കുന്ന ആയക്കാട് – വേട്ടാമ്പാറ റോഡിന്റെ ഇരുവശവും തകര്‍ന്നു. പിണ്ടിമന ആലുംചുവടിന് സമീപം വലിയ അപകടാവസ്ഥയാണുണ്ടായിരിക്കുന്നത്. ടാറിംഗിന് മുന്നോടിയായി റോഡിന് ഇരുവശത്തും വിരിച്ചിരുന്ന വലിയ മെറ്റല്‍ മഴവെള്ളപ്പാച്ചിലില്‍ ഒഴുകിപ്പോയിരുന്നു. ഇവിടെ ഇപ്പോള്‍ വലിയ ഗര്‍ത്തങ്ങളാണ് രൂപപ്പെട്ടിരിക്കുന്നത്. വളവും കയറ്റിറക്കവും വീതികുറവും ഉള്ള ഭാഗമായതിനാല്‍ വാഹനങ്ങള്‍ അപകടത്തില്‍പ്പെടാന്‍ സാധ്യത ഏറെയാണ്. ഇരുചക്രവാഹനങ്ങള്‍ക്കും ഭീഷണിയുണ്ട്. എതിരെവരുന്ന വാഹനങ്ങള്‍ക്ക് കടന്നുപോവാന്‍പോലും കഴിയില്ല. ഇതിനകംതന്നെ ഏതാനും അപകടങ്ങളുണ്ടാകുകയും ചെയ്തിട്ടുണ്ട്. റോഡ് ഈ അവസ്ഥയിലെത്തിയിട്ട് ആഴ്ചകള്‍ കഴിഞ്ഞു. അപകടമുന്നറിയിപ്പായി റിബണ്‍ കെട്ടിയതൊഴിച്ചാല്‍ മറ്റ് നടപടികളൊന്നുമുണ്ടായിട്ടില്ല. എത്രയും വേഗം അപകടാവസ്ഥ ഇല്ലാതാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
