കോതമംഗലം: രക്തം ആവശ്യമുള്ളവരുടെ എണ്ണം ദിനം പ്രതി വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ രക്തം ദാനം ചെയ്യാൻ താൽപര്യമുള്ളവരെ കണ്ടെത്തുന്നതിനായി ബ്ലഡ് ഡൊണേഷൻ മൊബൈൽ ആപ് വികസിപ്പിച്ചെടുത്ത് കോതമംഗലം എംബിറ്റ്സ് എൻജിനീയറിങ് കോളജിലെ എൻഎസ്എസ് വിദ്യാർത്ഥികൾ. രക്തം ദാനം ചെയ്യാൻ ആഗ്രഹിക്കുന്നവർക്കും രക്തം ആവശ്യമുള്ളവർക്കും *ജീവന* എന്ന് പേരിട്ടിരിക്കുന്ന ഈ ആപ്ലിക്കേഷൻ സൗജന്യമായി ഉപയോഗിക്കാൻ കഴിയുന്നതാണ്. കോളജിൽ നടന്ന ആപ്പിന്റെ ലോഞ്ചിങ് കോതമംഗലം എംഎൽഎ ശ്രീ. ആന്റണി ജോൺ നിർവഹിച്ചു. കോളേജ് സെക്രട്ടറി അധ്യക്ഷനായിരുന്നു.
ദിനം പ്രതി നിരവധി ആളുകൾ രക്തം ആവശ്യപ്പെട്ട് തങ്ങളെ വിളിക്കാറുണ്ട്. എന്നൽ ചില സാഹചര്യങ്ങളിൽ ആവശ്യക്കാർക്ക് ദാതാക്കളെ കണ്ടുപിടിച്ചു നൽകാൻ കഴിയാത്ത അവസ്ഥ ഉണ്ട്. ഇതിന് ഒരു പരിഹാരം ഉണ്ടാകുന്നതിന് വേണ്ടിയാണ് ജീവന എന്ന മൊബൈൽ ആപ്ലിക്കേഷൻ ഉണ്ടാക്കിയത് എന്ന് എൻഎസ്എസ് വോളന്റിയർ സെക്രട്ടറി പവൻ എൽദോ സ്ലീബ പറഞ്ഞു.
സ്ഥലവും ബ്ലഡ് ഗ്രൂപ്പും അടിസ്ഥാനമാക്കി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ രക്തദാതാക്കളെയും രക്തം ആവശ്യമുള്ള രോഗികളെയും പൊരുത്തപ്പെടുത്തുന്ന ഒരു ഓൺലൈൻ സേവനമാണ് ഇവർ നിർമ്മിച്ചിരിക്കുന്നത്. രക്തം നൽകുവാൻ താല്പര്യമുള്ളവർക്ക് ഈ ആപ്പ് വഴി രജിസ്റ്റർ ചെയ്യാവുന്നതാണ്. രോഗികൾക്ക് ഒരേ ബ്ലഡ് ഗ്രൂപ്പും ഒരേ സ്ഥലത്ത് താമസിക്കുന്നവരുമായി ഡാറ്റാബേസിൽ തിരയാൻ കഴിയുന്ന തരത്തിലാണ് ആപ്പിന്റെ രൂപകല്പന. രക്തം ആവശ്യമുള്ളവർക്ക് ദാതക്കളുമായി ഈ ആപ്ലിക്കേഷൻ മുഖാന്തിരം സംസാരിക്കുന്നതിന് വേണ്ടി വാട്ട്സ്ആപ്, ഫോൺ കോൾ സൗകര്യങ്ങളും ഇതിൽ നൽകിയിട്ടുണ്ട്. കോളേജ് ട്രെഷറർ ശ്രീ. റോയി പഴുക്കാളി, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ഷിജു രാമചന്ദ്രൻ, മുൻ പ്രോഗ്രാം ഓഫീസർ ചേതൻ റോയി എന്നിവർ സന്നിഹിതരായിരുന്നു. കോളേജ് പ്രിൻസിപ്പൽ ഡോ. പി സോജൻ ലാൽ സ്വാഗതവും, വോളന്റീർ സെക്രട്ടറി പവൻ എൽദോ സ്ലീബ കൃതജ്ഞതയും പറഞ്ഞു.