കോതമംഗലം: നിർദിഷ്ട വനം നിയമഭേദഗതി നിർദ്ദേശങ്ങൾക്കെതിരെ കോതമംഗലത്ത് പ്രധിഷേധത്തിന് തുടക്കം. കോതമംഗലം രൂപത കത്തോലിക്കാ കോൺഗ്രസിന്റെ നേതൃത്വത്തിൽ ഇന്നലെ നടത്തിയ പന്തം കൊളുത്തി പ്രധിഷേധ പ്രകടനത്തിൽ നൂറു കണക്കിന് പേർ പങ്കെടുത്തു. വൈദികരും സ്ത്രീകളും ഉൾപ്പെടെയുള്ളവർ പ്രതിഷേധത്തിൽ പങ്കാളികളായി.
ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങൾക്കും കർഷക വേട്ടയ്ക്കും ഉദ്യോഗസ്ഥ അഴിഞ്ഞാട്ടത്തിനും ഇടവരുത്തുന്ന, വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് അമിത അധികാരങ്ങൾ നൽകുന്ന വന നിയമ ഭേദഗതി ശുപാർശകൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് പ്രതിഷേധ പരിപാടിനടത്തിയത്. ഫോറസ്റ്റ് ഗുണ്ടാരാജ് അനുവദിക്കില്ലെന്നും നിർദിഷ്ട നിയമ നിർദ്ദേശങ്ങൾ പൂർണമായി പിൻവലിക്കണം എന്നും സമ്മേളനം ആവശ്യപ്പെട്ടു.
നിയമ ഭേദഗതി നിർദ്ദേശങ്ങളുടെ പകർപ്പ് കത്തിച്ചു കൊണ്ടാണ് പ്രതിഷേധം നടത്തിയത്.
കോതമംഗലം രൂപത മെത്രാൻ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു. രൂപത വികാരി ജനറാൾ മാരായ മോൺ. പയസ് മലേക്കണ്ടത്തിൽ മോൺ. വിൻസന്റ് നെടുങ്ങാട്ട് എന്നിവർ പ്രതിഷേധ പ്രകടനം ഫ്ലാഗ് ഓഫ് ചെയ്തു. കത്തോലിക്കാ കോൺഗ്രസ് കോതമംഗലം രൂപത പ്രസിഡന്റ് സണ്ണി കടൂത്താഴെ,രൂപത ഡയറക്ടർ ഫാ.മാനുവൽ പിച്ചളക്കാട്ട്,ഇൻഫാം രൂപത ഡയറക്ടർ ഫാ. റോബിൻ പടിഞ്ഞാറെ കൂറ്റ്, രൂപത ചാൻസിലർ ഫാ. ജോസ് കുളത്തൂർ,ഫാ. അരുൺ വലിയ താഴത്ത്, ഫാ. തോമസ് ജെപറയിടം ഫാ. ജേക്കബ് വടക്കും പറമ്പിൽ,ഷൈജു ഇഞ്ചക്കൽ, ജിജി പുളിക്കൽ എന്നിവർ പ്രസംഗിച്ചു. ഫാ. തോമസ് ചെറുപറമ്പിൽ, ഫാ. ജോസ് പുൽപറമ്പിൽ,അബി മാത്യു കാഞ്ഞിരപ്പാറ, സനൽ പാറങ്കി മാലിൽ ജോർജ്ജ് മങ്ങാട്ട്,ബിജു വെട്ടിക്കുഴ, സോണി പാമ്പക്കൽ, ബിനോയി പള്ളത്ത്, ബേബിച്ചൻ നിധിയിരിക്കൽ, പീറ്റർ പൈലി പറയിടം, തുടങ്ങിയവർ നേതൃത്വം നൽകി.