നേര്യമംഗലം: ഒരു പതിറ്റാണ്ട് നീണ്ട പ്രണയം. അതും ആരോരുമില്ലാത്ത നിർദ്ദന പെൺകുട്ടിക്ക് ഒരു ജീവിതം നൽകാനുള്ള വിശാല മനസ്.അതായിരുന്നു അനീഷ് എന്ന ചെറുപ്പക്കാരൻ.ആകെയുള്ള മൂന്ന് സെന്റ് സ്ഥലത്ത് വാസയോഗ്യമായ ഒരു വീട് എന്ന സ്വപ്നം ആ വീട്ടിൽ വച്ചായിരിക്കണം തന്റെ പ്രണയിനിയെ വിവാഹം ചെയ്ത് കൈപിടിച്ച് കയറ്റേണ്ടത്. കഴിഞ്ഞ ഏതാനും നാളുകൾക്ക് മുൻപ് ആ സ്വപ്നം സഭലമാക്കി. ആറ് ലക്ഷം രൂപ ലോണും മറ്റുമായി വീട് പണി പൂർത്തികരിച്ചു. ഇതിനിടയിലെല്ലാം ബന്ധുക്കൾ നല്ല സ്ത്രീധനം ലഭ്യമാകുന്ന വിവാഹ ആലോചനകൾ കൊണ്ട് വന്നെങ്കിലും അനീഷ് വഴങ്ങിയില്ല. അനീഷിന്റെ വ്യക്തിത്വം അത്ര ആദർശം കാത്ത് സൂക്ഷിക്കുന്നതായിരുന്നു.
നിർദ്ദന കുടുംബത്തിലെ ഏക ആൺതരിയായ അനീഷ് തന്റെ സ്വയ പ്രയത്നത്തിലാണ് ഈ ചെറുപ്രായത്തിൽ ഇതെല്ലാം ചെയ്തത്. നാട്ടുകാർക്കിടയിൽ പ്രിയപ്പെട്ടവൻ. ആരോഗ്യവാരല്ലാത്ത അമ്മയും അച്ഛനും .മാസം ആറായിരത്തോളം രൂപ അച്ഛന്റെ ചികിത്സക്കായി പണം കണ്ടെത്തേണ്ട ബാധ്യതയും. കോതമംഗലത്തെ യമഹ ബൈക്ക് ഷോറൂമിലെ ജോലിയിൽ നിന്ന് കിട്ടുന്നതാണ് എകവരുമാനം. കഴിഞ്ഞ മാസം 26 നായിരുന്നു അനീഷിന്റെ വിവാഹം നടക്കേണ്ടിയിരുന്നത്. എന്നാൽ കൊറോണയുടെ പശ്ചാത്തലത്തിൽ സർക്കാർ ലോക് ഡൗൺപ്രഖ്യാപിച്ചതോടെ അടുത്ത മാസം ആദ്യം നടത്താനായിരുന്നു തീരുമാനം. ഇതിനിടയിലാണ് കഴിഞ്ഞ ദിവസം വെള്ളിയാഴ്ച രാത്രിയിലുണ്ടായ വാഹനാപകടത്തിൽ പ്രതിശ്രുത വരൻ മരണമടഞ്ഞത്.
കൊച്ചി-ധനുഷ്ക്കോടി ദേശീയപാതയിൽ നെല്ലിമറ്റം ടൗണിനു സമീപം മില്ലുംപടിയിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് ആണ് കവളങ്ങാട് അമ്പാട്ട് വീട്ടിൽ സുകുമാരന്റെ മകൻ അനീഷ് (27) നാട്ടുകാരെയും കൂട്ടുകാരേയും വീട്ടുകാരേയും ഞെട്ടിച്ച് മരണവാർത്ത തേടിയെത്തിയത്. അനീഷിന്റെ മരണം ഏവരേയും കണ്ണീരിലാഴ്ത്തി. ആന്റണി ജോൺ എം.എൽ.എ., സി.പി.എം. കോതമംഗലം ഏരിയ സെക്രട്ടറി ആർ. അനിൽകുമാർ, ഷിബു തെക്കുംപുറം ഉൾപ്പെടെയുളള സാമൂഹ്യ സാംസ്ക്കാരിക രാഷ്ടീയ രംഗത്തെ പ്രമുഖർ വീടു വളപ്പിൽ നടന്ന സംസ്ക്കാര ചടങ്ങിൽ പങ്കെടുത്തു.