കോതമംഗലം: ജില്ലയിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രമായ ഭൂതത്താൻകെട്ടിൽ നടപ്പിലാക്കുന്ന പുതിയ ടൂറിസം പ്രോജക്ട് ഒക്ടോബർ 10 ശനിയാഴ്ച ബഹു:മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കുമെന്ന് ആൻ്റണി ജോൺ എം എൽ എ അറിയിച്ചു. സർക്കാർ,ഡി എം സി,ഡി റ്റി പി സി, പെരിയാർവാലി,ഗ്രീനിക്സ് സംയുക്ത സഹകരണത്തോടെയാണ് പുതിയ ടൂറിസം പദ്ധതി ഭൂതത്താൻകെട്ടിൽ നടപ്പിലാക്കുന്നത്. സ്വദേശീയരും വിദേശീയരുമായി വർഷം തോറും 2 ലക്ഷത്തിലധികം പേർ എത്തിച്ചേരുന്ന ഭൂതത്താൻകെട്ടിൽ പുതിയ ടൂറിസം പ്രോജക്ടിൻ്റെ ഭാഗമായി ഏകദേശം 40 ഏക്കറോളം വരുന്ന പൂൾ ഏരിയയിൽ വിനോദ സഞ്ചാരികൾക്കായി പെഡൽ ബോട്ടിങ്ങ് സൗകര്യം ഒരുക്കും. പൂൾ ഏരിയയിൽ മീൻ വളർത്തലോടൊപ്പം പെഡൽ ബോട്ടിൽ സഞ്ചരിച്ച് പൂളിൽ നിന്ന് ചൂണ്ട ഉപയോഗിച്ച് മീൻ പിടിക്കുന്നതിനും വേണ്ട സൗകര്യം ലഭ്യമാക്കും.
എടത്തോടുകൾ നിർമ്മിച്ച് പെഡൽ ബോട്ട് വഴി കുട്ടികൾക്കടക്കം പൂളിലേക്ക് എത്തി ചേരുന്നതിനു വേണ്ട സൗകര്യം ഒരുക്കും.പൂളിനോട് ചേർന്ന് വരുന്ന നടപ്പാതയിൽ വാക് വേ സൗകര്യവും,നടപ്പാതയോട് ചേർന്ന് വിവിധ തരത്തിലുള്ള പഴങ്ങളുടെയും പച്ചക്കറികളുടെയും ഓർഗാനിക് ഗാർഡൻ,മനോഹരമായ വെർട്ടിക്കൽ ഗാർഡൻ,ഫോട്ടോ സെക്ഷനു വേണ്ടി പ്രത്യേകം സജ്ജീകരിച്ച സ്ഥല സൗകര്യങ്ങൾ എന്നിവ ഒരുക്കും.ഇതിനു പുറമെ ഏർമാടങ്ങളും,കോർട്ടേജുകളും സജ്ജീകരിച്ചിട്ടുണ്ട്.പ്രദേശത്തിൻ്റെ സൗന്ദര്യം ആസ്വദിക്കുന്നതിനായി വാച്ച് ടവർ നിർമ്മിച്ചിട്ടുണ്ട്,വിപുലമായ സൗകര്യം ഉൾക്കൊള്ളുന്ന റസ്റ്റോറ്റോറൻ്റ് സൗകര്യവും ലഭ്യമാകും.അതോടൊപ്പം ആംഫി ഓപ്പൺ എയർ തിയറ്റർ സജ്ജീകരിച്ച് എല്ലാ വീക്ക് എൻഡിലും പ്രാദേശിക കലാരൂപങ്ങളും,നാടൻ ഭക്ഷ്യ മേളകളും സംഘടിപ്പിക്കും.
പ്രസ്തുത ഓപ്പൺ എയർ തിയറ്റർ ചെറിയ പരിപാടികൾക്കായി പൊതു ജനങ്ങൾക്ക് നൽകുന്നതുൾപ്പെടെയുള്ള വിപുലമായ ടൂറിസം പദ്ധതികളാണ് ഭൂതത്താൻകെട്ടിൽ നടപ്പിലാക്കുന്നത്. ഏകദേശം 30 കോടി രൂപയുടെ ടൂറിസം പദ്ധതികളാണ് ഭൂതത്താൻകെട്ടിൽ നടപ്പിലാക്കുന്നതെന്നും,ഫോർട്ട് കൊച്ചി ആസ്ഥാനമായുള്ള ഗ്രീനിക്സ് എന്ന സ്ഥാപനത്തെയാണ് പദ്ധതികളുടെ നടത്തിപ്പിൻ്റെ മേൽ നോട്ട ചുമതല ഏൽപ്പിച്ചിട്ടുള്ളതെന്നും എം എൽ എ അറിയിച്ചു.