കോതമംഗലം: കോതമംഗലം മണ്ഡലത്തിലെ ഭൂതത്താൻകെട്ടിൽ നിർമ്മിക്കുന്ന പുതിയ പാലം 2020 ജനുവരിയോട് കൂടി തുറന്ന് കൊടുക്കുവാൻ കഴിയുമെന്ന് ബഹു: ജലവിഭവ വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി നിയമസഭയിൽ വ്യക്തമാക്കി. പുതിയ പാലം നിർമ്മാണം സംബന്ധിച്ച നിലവിലെ സ്ഥിതിയും നിർമ്മാണ പ്രവർത്തികൾ വേഗത്തിൽ പൂർത്തികരിച്ച് പാലം തുറന്ന് കൊടുക്കേണ്ടതിന്റെ ആവശ്യകതയെ സംബന്ധിച്ചും ആന്റണി ജോൺ എംഎൽഎ ഉന്നയിച്ച നിയമസഭ ചോദ്യത്തിന് മറുപടി പറയുമ്പോഴാണ് ബഹു: മന്ത്രി നിയമസഭയിൽ ഇക്കാര്യം വ്യക്തമാക്കിയത്. ഭൂതത്താൻകെട്ട് ഡാമിന് കുറുകെ നിർമ്മിക്കുന്ന പുതിയ പാലത്തിന്റെ മുഴുവൻ തൂണുകളുടെയും സ്ലാബിന്റെയും ഐ ഐ പി ഭാഗത്തെ അപ്രോച്ച് റോഡിന്റെയും പണി പൂർത്തീകരിച്ചിട്ടുണ്ടെന്നും, നിലവിൽ കൈവരികളും, പെയിന്റിംഗ് ജോലികളും പി വി ഐ പി ഭാഗത്തെ അപ്രോച്ച് റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങളും 80% പൂർത്തീകരിച്ചിട്ടുണ്ടെന്നും പ്രവർത്തികൾ വേഗത്തിൽ പൂർത്തീകരിച്ച് 2020 ജനുവരിയോട് കൂടി തന്നെ പാലം തുറന്നു കൊടുക്കുവാൻ സാധിക്കുമെന്നും ബഹു: ജലവിഭവ വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി ആന്റണി ജോൺ എംഎൽഎയെ നിയമസഭയിൽ അറിയിച്ചു.

You must be logged in to post a comment Login