- അനന്ദു മുട്ടത്തു മാമലക്കണ്ടം
കോതമംഗലം : പ്രകൃതി അതിന്റ മായികഭാവങ്ങൾ ആവോളം വാരി വിതറിയ തേൻനോക്കി മല കാഴ്ചയുടെ വിരുന്നൊരുക്കുന്നു. മനോഹരമായ മലയെ ഉൾപ്പെടുത്തി വിനോദ സഞ്ചാരികൾ ട്രക്കിങ് ആരംഭിച്ചു കഴിഞ്ഞിരിക്കുന്നു. നേര്യമംഗലം ഫോറെസ്റ്റ് റേഞ്ചിൽ ഉൾപ്പെട്ട പിണവൂർകുടിയിൽ ആണ് തെൻനോക്കി മല സ്ഥിതിചെയ്യുന്നത്. കാടിന്റെ ഭംഗി ആസ്വദിക്കാൻ എത്തിയ പ്രദേശവാസികൾ ആണ് ഈ വിസ്മയ കാഴ്ചകൾ പുറംലോകത്ത് എത്തിച്ചത്. കണ്ണെത്താത്ത വിശാലതയിൽ ആകാശം മുട്ടിനിൽക്കുന്ന തേൻ നോക്കിമല കാടിന്റെ ഭംഗിയും, ട്രക്കിങ്ങും, സാഹസികതയും ഇഷ്ടപ്പെടുന്നവരുടെ പറുദീസ ആയി കഴിഞ്ഞിരിക്കുന്നു.നാലുവശവും വനത്താൽ ചുറ്റപ്പെട്ടു കിടക്കുന്ന ആദിവാസി മേഖലയാണ് പിണവൂർകുടി. കോതമംഗലത്തു നിന്നും തട്ടേക്കാട് , കുട്ടമ്പുഴ, ഉരുളന്തണ്ണി, പിന്നെ പിണവൂർകുടിയിൽ നിന്നും 5 കിലോമീറ്ററോളം കൊടും വനത്തിലൂടെ സഞ്ചരിച്ചാൽ ഇവിടെ എത്തപ്പെടാം. ഇവിടേക്ക് എത്തുക എന്നത് അത്ര എളുപ്പം അല്ല.
ആനയുടെ സാന്ദ്രത ഏറ്റവും കൂടുതൽ ഉള്ള വനമാണ്. ഇവിടെയുള്ള ആനകൾ ആക്രമണകാരികൾ ആണ് എന്നാണ് പ്രദേശവാസികൾ പറയുന്നത്. അതുകൊണ്ട് തന്നെ അതീവ ജാഗ്രതയോടും ശ്രദ്ധയോടും കൂടിയേ ഇവിടേക്ക് പോകുവാൻ സാധിക്കു. കൂടാതെ അട്ടകളും കൂടുതലായി ഉണ്ട് 100ൽ പരം അട്ടകൾ ദേഹത്തു കയറുന്നതാണ്. മലയുടെ മുകളിൽ എത്തിയാൽ ആകാശ നെറുകിൽ എത്തിയ ഫീൽ ആണ് ലഭിക്കുന്നത്. പിണവൂർകുടിയും, ഉരുളന്തണ്ണിയും, കുട്ടംപുഴയും, തട്ടേക്കാടും, അങ്ങ് ദൂരെ കിലോമീറ്ററുകൾ അകലെ ഉള്ള ഇടമലയാർ ഡാമും ഒറ്റനോട്ടത്തിൽ കാണാവുന്നതാണ്. കാടിന്റെ വിഭവങ്ങൾ ആയ നെല്ലിക്കയും, കാട്ടു ഇഞ്ചിയും പോകുന്ന വഴികളിൽ ധാരാളം ഉണ്ട്. മുന്നോട്ടുള്ള വഴികളിൽ ഒരു സൈഡിൽ അപ്പുറത്തെ മലയിൽ നിന്നും താഴേക്കു പതിക്കുന്ന പാൽക്കുളം വെള്ളച്ചാട്ടം ദൃശ്യമാണ്. എറണാകുളം ജില്ലയിൽ ഇത്രയും ഉയരം ഉള്ള വെള്ളച്ചാട്ടം വേറെ ഉണ്ടാകില്ല എന്ന് പറയേണ്ടി വരും.
വെള്ളച്ചാട്ടത്തിന് അടിയിൽ എത്തിച്ചേർന്നാൽ എയർ കണ്ടീഷനിൽ പോലും ലഭിക്കാത്ത അത്ര തണുപ്പും,സുഖവും ആണ് പ്രകൃതി ഇവിടെ കരുതി വെച്ചിരിക്കുന്നത്. വെള്ളച്ചാട്ടത്തിനു അടിയിൽ നിന്ന് കുളിക്കുവാൻ കഴിയും ആ ഒരു അനുഭവം ഒരു ഷവറിന്റെ അടിയിൽ നിന്നാലും കിട്ടില്ല. പെരിയാറിലേക്ക് ഒഴുകി എത്തുന്ന ഈ തോടിന്റ ഉത്ഭവസ്ഥാനത്ത് തന്നെയാണ് ഈ വെള്ളച്ചാട്ടം. പ്രദേശ വാസികളുടെ സഹായം ഇല്ലാതെ ഇവിടേക്ക് എത്തപ്പെടുവാൻ കഴിയുന്നതല്ല. രാവിലെ ട്രക്കിങ് ആരംഭിച്ചാൽ വൈകുന്നേരം 5 മണി ആകും തിരിച്ചു പിണവൂർകുടിയിൽ എത്തുമ്പോൾ. ആദിവാസി മേഖല ആയതിനാൽ ഈ വനമേഖലകൾ മാലിന്യ മുക്തമായാണ് സംരക്ഷിച്ചു പോരുന്നത്. അത് ഇവിടേക്ക് എത്തുന്ന സഞ്ചാരികളെയും കാത്തു സൂക്ഷിക്കണമെന്ന് പ്രദേശവാസികൾക്കും നിർബന്ധമാണ്.
You must be logged in to post a comment Login