കോതമംഗലം: സത്യസന്ധനായ പോലീസ് ഉദ്യോഗസ്ഥനെ രാഷ്ട്രീയവൈരത്തിന്റെ പേരിൽ സ്ഥലംമാറ്റിയത് കടുത്ത അനീതിയെന്ന് കോതമംഗലം രൂപത ജാഗ്രതാ സമിതി. കോതമംഗലം സിഐ ആയി മികച്ച സേവനം കാഴ്ചവയ്ക്കുകയും നിർണായകമായ പല കേസന്വേഷണങ്ങൾക്കും നേതൃത്വം നൽകി കുറ്റവാളികളെ നിയമത്തിനു മുൻപിൽ കൊണ്ടുവരികയും ചെയ്ത സമർഥനായ പോലീസ് ഉദ്യോഗസ്ഥനായിരുന്നു സി ഐ ബേസിൽ തോമസ്.
സി ഐആയി സ്ഥാനക്കയറ്റം ലഭിച്ച വ്യക്തിക്ക് രണ്ടുവർഷം ആ സ്റ്റേഷനിൽ തുടരാനുള്ള സാധ്യത ഉണ്ടായിരിക്കെയാണ് ഏഴ് മാസം മാത്രം പൂർത്തിയായപ്പോൾ ധൃതഗതിയിൽ സി ഐ ബേസിൽ തോമസിന് സ്ഥലംമാറ്റം നൽകിയത്. പിണ്ടിമന പഞ്ചായത്ത് സെക്രട്ടറിയെ ദേശീയ പണിമുടക്ക് ദിനത്തിൽ ആക്രമിച്ച കേസിൽ സിപിഎം ലോക്കൽ കമ്മിറ്റി നേതാവിനെതിരെ മുഖം നോക്കാതെ നടപടിയെടുക്കുകയും ആ നടപടിയിൽ ഉറച്ചുനിൽക്കുകയും ചെയ്തതാണ് ബേസിൽ തോമസിനെതിരെ തിരിയാൻ ഭരണപക്ഷത്തെ പ്രേരിപ്പിച്ചത്.
സത്യസന്ധതയെക്കാൾ പാർട്ടി പ്രീണനമാണ് ആഭ്യന്തരവകുപ്പിൽ ആവശ്യമെന്ന കടുത്ത ആക്ഷേപത്തെ ശരിവയ്ക്കുന്നതാണ് ഇത്തരം പ്രവർത്തികൾ എന്ന് കോതമംഗലം രൂപത ജാഗ്രത സമിതി അറിയിച്ചു. ചുമതല ബോധവും സത്യസന്ധതയുമുള്ള ഉദ്യോഗസ്ഥരുടെ മനോവീര്യം കെടുത്തുന്ന ഇത്തരം വില കുറഞ്ഞ നടപടികളിൽനിന്ന് സർക്കാരും പാർട്ടിയും പിന്മാറിയില്ലെങ്കിൽ കടുത്ത പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് കോതമംഗലം രൂപത ജാഗ്രതാ സമിതി വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.