കോതമംഗലം : പൊതുമരാമത്ത് വകുപ്പിന്റെ കീഴിൽ വരുന്ന പ്രവൃത്തികളുടെ ഗുണനിലവാരം പരിശോധിക്കുന്നതിനായി ഓട്ടോമേറ്റഡ് മൊബൈൽ ക്വാളിറ്റി കണ്‍ട്രോള്‍ ടെസ്റ്റിംഗ് ലാബുകള്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു. തിരുവനന്തപുരം പബ്ലിക് ഓഫീസ് കോംപ്ലക്സില്‍ ഇന്ന് രാവിലെ മുഖ്യമന്ത്രി പിണറായി വിജയന്‍ മൊബൈല്‍ ടെസ്റ്റിങ് ബസ് ഫ്ളാഗ് ഓഫ് നടത്തി. 2.7 കോടി രൂപ ചിലവിൽ മൂന്നു ലാബുകളാണ് സജ്ജമാക്കിയിരിക്കുന്നത്. നിലവിൽ 3 ജില്ലകളിൽ റീജിയണൽ ലബോറട്ടറികളും 11 ജില്ലകളിൽ ജില്ലാ ലബോറട്ടറികളും പ്രവര്‍ത്തിച്ചുവരുന്നുണ്ട്. ഇവയ്ക്കു പുറമെയാണ് മൊബൈൽ ക്വാളിറ്റി കണ്‍ട്രോള്‍ ലാബുകള്‍ സജ്ജമായിരിക്കുന്നത്.
പ്രവൃത്തി നടക്കുന്ന ഇടങ്ങളിൽ പോയി ഗുണനിലവാരം പരിശോധിക്കാൻ പുതിയ ലാബുകൾ വഴി സാധിക്കും. പദ്ധതികള്‍ നടപ്പാക്കിയാൽ മാത്രം പോരാ, അവയുടെ ഗുണനിലവാരം ഉറപ്പുവരുത്തേണ്ടതും അനിവാര്യമാണ്. അതു കൂടുതൽ മികവോടെ നടപ്പാക്കാൻ പുതിയ മൊബൈൽ ലാബുകൾ സഹായകരമാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഓരോ ബസിന്റെയും ബോഡി നിര്‍മാണത്തിനു തന്നെ ഒരു കോടി രൂപയായി. അത്രതന്നെ ചെലവു വരുന്ന ടാര്‍, കോണ്‍ക്രീറ്റ് പരിശോധനാ ഉപകരണങ്ങളാണ് മൊബൈല്‍ ലാബുകളില്‍ സജ്ജീകരിച്ചിട്ടുള്ളത്. ഇന്ത്യയിലെ പ്രമുഖ കാരവന്‍ നിര്‍മാതാക്കളായ കോതമംഗലം ഓജസ് ഓട്ടോമൊബൈല്‍സ് ആണ് ബസ് ബോഡി ചെയ്‌തിരിക്കുന്നത്. പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഓജസ് എം.ഡി. ബിജു മര്‍ക്കോസിന് മൊമെന്റോ നൽകി ആദരിക്കുകയും ചെയ്തു.