ചാത്തമറ്റം, കടവൂർ, പുന്നമറ്റം, തേൻകോട്, അള്ളുങ്കൽ, പാച്ചേറ്റി, ചുള്ളിക്കണ്ടം, മുള്ളരിങ്ങാട് തുടങ്ങിയ ജനവാസ മേഖലകളിൽ ഇറങ്ങി കൃഷികൾ നശിപ്പിച്ചിരുന്ന കാട്ടാനകളെ പ്രദേശത്തു നിന്ന് തുരുത്തി ഉൾക്കാടുകളിലേക്ക് കടത്താനുള്ള ശ്രമം ആരംഭിച്ചു. . വനം വകുപ്പിൻ്റെ നേതൃത്വത്തിൽ ഇന്നലെ രാവിലെയാണ് ആനകളെ കാടു കയറ്റാനുള്ള ശ്രമം ആരംഭിച്ചത്. ചാത്തമറ്റം പ്രദേശത്ത് നിലയുറപ്പിച്ചിരുന്ന 2 ആനകളേയും മുള്ളരിങ്ങാട്, തേൻകോട് പ്രദേശത്തുണ്ടായിരുന്ന 5 ആനകളേയും പടക്കം പൊട്ടിച്ച് ഓടിച്ച് ഒരുമിച്ചാക്കി ഇന്നലെ കോതമംഗലം പുഴ കടത്തി. കാട്ടാനകൾ ജനവാസ മേഖലയിലേക്ക് കടക്കാതിരിക്കാൻ ചുള്ളിക്കണ്ടത്ത് വൈദ്യുത ഫെൻസിംഗ് നിർമ്മാണം ആരംഭിച്ചിരുന്നു. ആനകൾ ജനവാസ മേഖലയിൽ നിലയുറപ്പിച്ചിരുന്നതിനാൽ ഫെൻസിംഗ് നിർമ്മാണം പൂർത്തിയാക്കാനായിരുന്നില്ല. ഇന്നലെ നടത്തിയ ശ്രമഫലമായി ജനവാസ മേഖലയിലിറങ്ങിയിരുന്ന ആനകളെ പൂർണ്ണമായി ഫെൻസിംഗിന് പുറത്ത് കടത്താൻ കഴിഞ്ഞിട്ടുണ്ട്. ഏഴ് ആനകളും ഇപ്പോൾ ചുള്ളിക്കണ്ടം ഫോറസ്റ്റ് സ്റ്റേഷനു സമീപമുള്ള കാട്ടിൽ നിലയുറപ്പിച്ചിരിക്കുകയാണ്. നീണ്ടപാറക്കു സമീപം ആനകളെ പെരിയാർ കടത്തി ഉൾ കാട്ടിലേക്ക് കടത്താനാണ് വനം വകുപ്പ് ലക്ഷ്യമിടുന്നത്. അതിനായുള്ള ശ്രമം ഇന്നും തുടരും.വനം വകുപ്പ് ജീവനക്കാർ, എ. എസ്.കെ അംഗങ്ങൾ, പോലീസ് തുടങ്ങിയ 125 ഓളം പേർ 8 സ്ക്വാഡുകളായി തിരിഞ്ഞാണ് ഇന്നലെ യജ്ഞത്തിൽ പങ്കെടുത്തത്. ആൻ്റണി ജോൺ എം.എൽ.എ, പൈങ്ങോട്ടൂർ, വണ്ണപ്പുറം , കവളങ്ങാട് ഗ്രാമ പഞ്ചായത്തുകളിലെ ജനപ്രതിനിധികൾ തുടങ്ങിയവർ നേതൃത്വം നൽകി.
