കോതമംഗലം: നിയമസഭാ തെരഞ്ഞെടുപ്പില്‍ കോതമംഗലം സീറ്റിനായി എല്‍ഡിഎഫില്‍ കേരള കോണ്‍ഗ്രസ്-എം കരുനീക്കങ്ങളാരംഭിച്ചു. ജില്ലയില്‍ കഴിഞ്ഞതവണ കേരള കോണ്‍ഗ്രസ്-എം മത്സരിച്ച ഏക സീറ്റ് പെരുമ്പാവൂര്‍ ആയിരുന്നു. ഇവിടെ തോല്‍വിയായിരുന്നു ഫലം. പെരുമ്പാവൂരിനേക്കാള്‍ പാര്‍ട്ടിക്ക് അടിത്തറയുള്ളതും ജയസാധ്യതയുള്ളതും കോതമംഗലം ആണെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. ഈ സാഹചര്യത്തിലാണ് കോതമംഗലം സീറ്റിനായുള്ള നീക്കം പാര്‍ട്ടി സജീവമാക്കിയിട്ടുള്ളത്.
പെരുമ്പാവൂര്‍ സിപിഎം ഏറ്റെടുത്തശേഷം കോതമംഗലം വിട്ടുനല്‍കണമെന്നാണ് പാര്‍ട്ടിയുടെ ആവശ്യം. സിപിഎമ്മിലും ഇത്തരമൊരു നിര്‍ദേശം പരിഗണനയിലുണ്ടെങ്കിലും സിറ്റിംഗ് സീറ്റ് വിട്ടുകൊടുക്കേണ്ടതില്ലെന്ന അഭിപ്രായത്തിലാണ് ഒരു വിഭാഗം. കോതമംഗലം വിട്ടുകിട്ടിയാല്‍ യുവ നേതാവും പാര്‍ട്ടി സംസ്ഥാന സ്റ്റിയറിംഗ് കമ്മറ്റി മെമ്പറുമായ റോണി മാത്യു, സ്റ്റിയറിംഗ് കമ്മറ്റി മെമ്പറും മൂവാറ്റുപുഴ മുന്‍ എംഎല്‍എയുമായ ജോണി നെല്ലൂര്‍ എന്നിവരില്‍ ഒരാളെയാകും സ്ഥാനാര്‍ഥിയായി പരിഗണിക്കുക. കോതമംഗലം കിട്ടിയില്ലെങ്കില്‍ മൂവാറ്റുപുഴ ആയാലും മതിയെന്ന നിലപാടും പാര്‍ട്ടിക്കുണ്ട്. ഇവിടെയും ഈ രണ്ടു പേരുകളാണ് പാര്‍ട്ടിയുടെ പരിഗണനയിലുള്ളത്.
സിപിഐക്ക് പെരുമ്പാവൂര്‍ വിട്ടുനല്‍കി മൂവാറ്റുപുഴ ഏറ്റെടുക്കാനും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. സിപിഐക്ക് വിജയസാധ്യതയുള്ള സ്ഥാനാര്‍ഥികള്‍ പെരുമ്പാവൂരിലുണ്ടെന്നതും സമവായത്തിനുള്ള സാധ്യതകള്‍ തുറന്നിടുന്നു.






















































