കോതമംഗലം : നേര്യമംഗലം വനത്തിനും കുത്തിയൊഴുകുന്ന പെരിയാറിനും ഇടയിൽ സ്ഥിതിചെയ്യുന്ന മനോഹര കാനന കർഷകഗ്രാമമാണ് കാഞ്ഞിരവേലി. നേര്യമംഗലത്തു നിന്നും പത്ത് കിലോമീറ്റർ ദൂരം മാത്രമുള്ള ആരേയും ആകർഷിക്കുന്ന 128 മീറ്റർ നീളവും ഒരു മീറ്റർ വീതിയുമുള്ള ” ഇഞ്ചപ്പതാൽ ” തൂക്കുപാലം സ്ഥിതിചെയ്യുന്ന പ്രദേശം. സഞ്ചാരികളുടെ കൺവെട്ടത്തുനിന്നും ഒളിച്ചിരിക്കുന്ന സുന്ദര ഗ്രാമത്തിലേക്ക് ഡിങ്കന്റെ സ്റ്റിക്കർ മുഖമുദ്രയാക്കിയ അനുപമ ബസ് മാത്രമാണുള്ളത്. എറണാകുളം ജില്ലയിലെ കോതമംഗലത്ത് നിന്നും പുറപ്പെടുന്ന അനുപമ ബസ് 26കിലോമീറ്റർ സഞ്ചരിച്ചു ട്രിപ്പ് അവസാനിക്കുന്നത് ഇടുക്കി ജില്ലയിലെ വനാതിർത്തിയിലാണ് എന്ന സവിശേഷതകൂടിയുണ്ട്.
കാടിനുള്ളിൽ വിശ്രമിക്കുന്ന ഡിങ്കന്റെ കാഴ്ച്ച ഏതൊരു ബസ് പ്രേമിയുടെയും മനം നിറയ്ക്കും. കാഞ്ഞിരവേലി ബസ് സ്റ്റോപ്പിൽ നിന്നും എതിർ ദിശയിൽ നൂറ് മീറ്റർ മാറിയാണ് ഇടുക്കി ജില്ലയിലെ അടിമാലി പഞ്ചായത്തിലെ കാഞ്ഞിരവേലിയേയും എറണാകുളം ജില്ലയിലെ കവളങ്ങാട് പഞ്ചായത്തിലെ മണിയംപാറയെയും തമ്മിൽ ബന്ധിപ്പിക്കുന്ന തൂക്ക്പാലമുള്ളത്. കാർഷിക ഗ്രാമത്തിന്റെ പ്രതാപം നാണ്യവിളകളുടെ വിലയിടിവും വന്യമൃഗ ശല്യവും മൂലം കുറഞ്ഞെങ്കിലും തൂക്കുപാലത്തിന്റെ പ്രൗഢി മങ്ങാതെ നിൽക്കുകയും ചെയ്യുന്നു. തൂക്ക് പാലം പണിതശേഷം അറ്റകുറ്റപണികൾ നടത്തേണ്ട സമയമായെന്നുള്ള പരിഭവവും നാട്ടുകാർ ചൂണ്ടിക്കാണിക്കുന്നു.
2018 ലെ വെള്ളപ്പൊക്കത്തിൽ പിടിച്ചു നിന്ന നാട്ടുകാരുടെ ജീവനും ജീവനാഡിയുമായ തൂക്ക് പാലത്തിൽ പുറത്തുനിന്നും വരുന്ന സഞ്ചാരികൾ പിടിച്ചു കുലുക്കുന്നതും, പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉപേക്ഷിക്കുന്നതും പ്രദേശവാസികൾക്ക് സഹിക്കാവുന്നതിലും അപ്പുറത്തുള്ള കാര്യമാണെന്ന് അനുപമ ബസ് ഡ്രൈവർ അരുൺ പറയുന്നു. ഗ്രാമീണ തനിമയൊട്ടും ചോരാതെ പ്രകൃതിയോടും കാട്ടുമൃഗങ്ങളോടെയും പോരാടി ജീവിക്കുന്ന ഗവി പോലെ സുന്ദരമായ കർഷക ഗ്രാമത്തിലേക്ക് പോകുവാൻ ആഗ്രഹിക്കുന്നവർ ഭക്ഷണം കരുതുക, ഡിങ്കഭഗവാന്റെ ഗവിയിൽ കാനന സൗന്ദര്യം ആസ്വദിക്കുക.