കോതമംഗലം : കോതമംഗലം താലൂക്ക് ആശുപത്രിയിൽ ഒൻപതു വർഷം കൊണ്ട് സമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ എൽ ഡി എഫ് സർക്കാരിനെയും,
എം എൽ എ യായ തന്നെയും, ഇപ്പോഴത്തെ നഗരസഭ ഭരണത്തേയും അവഹേളിക്കാൻ കോൺഗ്രസ് പാർട്ടി നടത്തിയ സമരാഭാസം സ്വന്തം അണികൾ പോലും തള്ളി കളഞ്ഞു വെന്ന് ആന്റണി ജോൺ എം എൽ എ പറഞ്ഞു.
കോതമംഗലം മണ്ഡലത്തെ നാലു പതിറ്റാണ്ടുകളിലധികം പ്രതിനിധീകരിച്ച യു ഡി എഫിന് നടപ്പിലാക്കാൻ കഴിയാതിരുന്ന വികസന കുതിപ്പാണ് 9 വർഷം കൊണ്ട് മണ്ഡലത്തിൽ എൽ ഡി എഫ് ഭരണകാലത്ത് നടപ്പിലാക്കിയിട്ടുള്ളത്.
ദീർഘകാലം കോതമംഗലം
നഗരസഭയും, സംസ്ഥാന, കേന്ദ്ര ഭരണവും കോൺഗ്രസ്സ് ഭരണത്തിൻ കീഴിലായിരുന്നുവെന്ന് ജനങ്ങൾക്കറിയാം.
ഇക്കാലത്ത് അവഗണന നേരിട്ടിരുന്ന സർക്കാർ ആശുപത്രികളും, പൊതു വിദ്യാലയങ്ങളും വികസിത രാജ്യങ്ങളുടെ നിലവാരത്തിലേക്ക് ഉയർത്താനുള്ള തീവ്ര യജ്ഞമാണ് 2016 ലെ ഒന്നാം പിണറായി സർക്കാർ കാലം മുതൽ കേരളത്തിൽ നടന്നു വരുന്നത്.
അതിന്റെ ഭാഗമായി പല ഘട്ടങ്ങളിലായി നടന്ന വികസന പ്രവർത്തനങ്ങൾ താലൂക്ക് ആശുപത്രിയിൽ പൂർത്തിയാക്കുന്ന അവസരത്തിലാണ് സമര പ്രഹസനവുമായി കോൺഗ്രസ് ഇപ്പോൾ രംഗത്തു വന്നിട്ടുള്ളതെന്ന്
എം എൽ എ പറഞ്ഞു.
