കോതമംഗലം – കോതമംഗലം താലൂക്കിലെ വിവിധ പഞ്ചായത്തുകളിലേക്കുള്ള അതിഥി തൊഴിലാളികൾക്കായി വിതരണം ചെയ്യാനായി ഭക്ഷ്യ വിഭവങ്ങൾ നൽകി തിരു ഹൃദയ സന്യാസിനീ സമൂഹവും.കോതമംഗലം എം എ കോളേജ് ഇൻഡോർ സ്‌റ്റേഡിയത്തിൽ റവന്യൂ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നടക്കുന്ന കളക്ഷൻ സെന്ററിലേക്കാണ് അതിഥി തൊഴിലാളികൾക്ക് ലോക്ക് ഡൗൺ കാലയളവിൽ ഉപയോഗിക്കുന്നതിനായി ആവശ്യമായ ഭക്ഷ്യ ധാന്യങ്ങളും പലവ്യഞ്ജനങ്ങളും നൽകി തിരുഹൃദയ സമൂഹം കോതമംഗലം ജ്യോതി പ്രൊവിൻസ് കരുതലായി മാറിയത്.പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ ക്രിസ്റ്റി അറയ്ക്കത്തോട്ടം ആന്റണി ജോൺ എംഎൽഎയ്ക്ക് ഭക്ഷ്യ വിഭവങ്ങൾ കൈമാറി.
അരി,സവാള,ഉരുളക്കിഴങ്ങ്,പരിപ്പ്,ഭക്ഷ്യ എണ്ണ മുതലായവയാണ് കൈമാറിയത്. തിരുഹൃദയ സമൂഹത്തിന്റെ സാമൂഹ്യ പ്രവർത്തന സ്ഥാപനമായ മുവാറ്റുപുഴ സേഫ് വഴിയാണ് സാധനങ്ങൾ നൽകിയത്.സേഫ് പ്രോഗ്രാം കോ-ഓർഡിനേറ്റർ സിസ്റ്റർ ലൂസി ചാമത്തൊട്ടിയിൽ,സോഷ്യൽ വർക്ക് കൗൺസിലർ സിസ്റ്റർ സുജ മലേക്കുടി,ആർ ഡി ഒ സാബു കെ ഐസക്, തഹസിൽദാർ റെയ്ച്ചർ കെ വർഗീസ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.